ജിദ്ദ: സൗദി അറേബ്യയിലെ കോവിഡ് വ്യാപന നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട പല വ്യവസ്ഥകളും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലും പ്രതിരോധ വാക്സിനെടുത്തവരുടെ എണ്ണം വർധിച്ചതും കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു. ഇനിപ്പറയുന്ന നിയന്ത്രണങ്ങളാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
-പുറത്ത് മാസ്ക് ധാരണം പൂർണമായും ഒഴിവാക്കി. അടച്ചിട്ട മുറികൾക്കുള്ളിൽ മാത്രം മാസ്ക് ധരിച്ചാൽ മതിയാകും. -മക്ക മസ്ജിദുൽ ഹറാം, മദീന മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ പൂർണമായും ഒഴിവാക്കി. എന്നാൽ, പള്ളിക്കകത്ത് മാസ്ക് ധരിക്കൽ നിർബന്ധമാണ്.
ഇരുഹറമുകളിൽ നമസ്കാരത്തിന് മുൻകൂർ അനുമതി വേണ്ട
ജിദ്ദ: മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ല. എന്നാൽ, തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. ഉംറ നിർവഹിക്കുന്നതിനും റൗദയിൽ സന്ദർശനത്തിനും നമസ്കരിക്കുന്നതിനുമുള്ള മുൻകൂർ അനുമതി ഇഅ്തമർന, തവക്കൽന ആപ്പുകൾ വഴി എടുക്കണമെന്ന നിബന്ധന നേരത്തേ ഉള്ളതുപോലെ തുടരും. രാജ്യത്ത് കോവിഡ് വ്യാപന നിയന്ത്രണങ്ങളിൽ ഇളവുനൽകിയ ആഭ്യന്തര മന്ത്രാലയ പ്രഖ്യാപന പശ്ചാത്തലത്തിലാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സാമൂഹിക അകലമില്ലാതെ ഹറമുകളിൽ നമസ്കാരം തുടങ്ങി
ജിദ്ദ: കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഇരു ഹറമുകളിലും നിലനിന്ന സാമൂഹിക അകലം പാലിക്കൽ നിബന്ധന പൂർണമായും ഒഴിവാക്കിയതായി ഇരുഹറം കാര്യാലയ വക്താവ് ഹാനി ബിൻ ഹുസ്നി ഹൈദർ അറിയിച്ചു. ഞായറാഴ്ച പ്രഭാത നമസ്കാരം മുതൽ പുതിയ തീരുമാനം നടപ്പായി. കോവിഡിനെ നേരിടുന്നതിൽ വിവിധ വകുപ്പുകൾ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ വിജയമാണ് ഇതിന് കാരണമായതെന്ന് വക്താവ് പറഞ്ഞു. ഇരുഹറമിലെത്തുന്നവർ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഉണർത്തി. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും മസ്ജിദുന്നബവി സന്ദർശനത്തിനും അനുമതിപ്പത്രം വേണമെന്ന നിബന്ധന ഒഴിവാക്കിയതായി ഹജ്ജ്-ഉംറ മന്ത്രാലയവും വ്യക്തമാക്കി. കോവിഡ് മുൻകരുതൽ നടപടികൾ നീക്കം ചെയ്ത ശേഷമാണ് പുതിയ തീരുമാനങ്ങൾ ഹജ്ജ്- ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും മസ്ജിദുന്നബവി സന്ദർശനത്തിനും തവക്കൽനാ ആപ്ലിക്കേഷനിൽ ഇമ്യൂൺ സ്റ്റാറ്റസ് ഉണ്ടായാൽ മതി. എന്നാൽ, ഉംറക്കും റൗദയിലെ നമസ്കാരത്തിനും തവക്കൽനാ, ഇഅ്തമർന ആപ്ലിക്കേഷനിലൂടെ അനുമതി പത്രം നൽകുന്നത് തുടരുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
യാത്രക്കാർക്ക് ക്വാറന്റീൻ തുക തിരിച്ചുനൽകണമെന്ന് സിവിൽ
ജിദ്ദ: സൗദി അറേബ്യയിലേക്ക് വരാനിരിക്കുന്ന യാത്രക്കാരിൽനിന്ന് നേരത്തേ ക്വാറന്റീൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ വിമാന കമ്പനികൾ ക്വാറന്റീൻ പണം തിരിച്ചുനൽകണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) ആവശ്യപ്പെട്ടു.
എല്ലാ കമ്പനികളും ഈ നിർദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വിമാനകമ്പനികൾക്ക് അയച്ച സർക്കുലറിൽ മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കോവിഡ് നിയന്ത്രണ ഇളവുകളിലെ പ്രധാന പ്രഖ്യാപനമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ഹോട്ടൽ, ഹോം ക്വാറന്റീൻ ഒഴിവാക്കി എന്നത്.
ഇതനുസരിച്ചാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനകമ്പനികൾക്ക് സർക്കുലർ അയച്ചത്. ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന ഫലവും ഇനി മുതൽ ആവശ്യമില്ലെന്ന് അതോറിറ്റി വിമാനകമ്പനികൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ സൗദിയിലേക്ക് പ്രവേശനവിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ള വിലക്ക് എടുത്തുകളഞ്ഞതായും രാജ്യത്തേക്ക് സന്ദർശക വിസയിൽ വരുന്നവർ കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ മുഖേന അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.