ജുബൈൽ: കോവിഡ് മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 1,53,000 ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ചു. 5,000 കേസുകൾ രജിസ്റ്റർ ചെയ്തു. 150 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവാങ്ങിയശേഷം ഇവർക്ക് പിഴയൊടുക്കി വീണ്ടും തുറക്കാം. നിയമലംഘനങ്ങളുടെ പേരിൽ സ്ഥാപനങ്ങൾക്ക് മൂന്നുലക്ഷം റിയാൽ വരെ പിഴ ചുമത്തി.
അടച്ചുപൂട്ടൽ, സ്ഥാപനത്തിെൻറയും ജീവനക്കാരുടെയും ലൈസൻസ് റദ്ദാക്കൽ, രണ്ടുവർഷം വരെ പ്രാക്ടീസ് നിരോധിക്കൽ എന്നീ ശിക്ഷാനടപടികളും സ്വീകരിച്ചു. ഇൗ വർഷം ഫെബ്രുവരി ആദ്യം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽ അവബോധവും പരിപാലനവും വർധിപ്പിക്കുന്നതിനായി ദൈനംദിന പരിശോധന ശക്തമാക്കി.
കോവിഡ് മുൻകരുതലുകളുടെ ഭാഗമായി ആശുപത്രികൾ, മെഡിക്കൽ സെൻററുകൾ, പോളിക്ലിനിക്കുകൾ, ഫാർമസികൾ, മറ്റ് ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനുമുള്ള നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയാണ് ശക്തിപ്പെടുത്തിയത്. ആരോഗ്യ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും എല്ലാ സുരക്ഷാനടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആരോഗ്യവും ശുചിത്വ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുന്നു എന്ന് മനസ്സിലാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
വിൽപനക്കായി പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളുടെ വില നിരീക്ഷിക്കുന്നതിനൊപ്പം മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇൻസ്പെക്ടർമാർ ദിനേന നൂറുകണക്കിന് ഫാർമസികൾ സന്ദർശിക്കുന്നുണ്ട്. രോഗികളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നതിനും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ആവശ്യകതകൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.