ജിദ്ദ: കോവിഡ് വാക്സിനുകൾ വന്ധ്യതക്കോ മറ്റേതെങ്കിലും പ്രത്യുൽപാദന പ്രശ്നങ്ങൾക്കോ കാരണമാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചത്. ഇതിൽ ഒരു സത്യവുമില്ലെന്നും അത്തരം പ്രചാരണങ്ങൾ വിശ്വസനീയമല്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്്ദുൽ അലി പറഞ്ഞു. വാക്സിനെടുക്കുന്നവർ ഗർഭം നീട്ടിവെക്കുകയോ ഗർഭിണികളായവർ വാക്സിനേഷൻ എടുക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല. ഇതിനെക്കുറിച്ചെല്ലാം അന്താരാഷ്്ട്ര തലത്തിൽതന്നെ നിരവധി പഠനങ്ങൾ നടന്നതാണെന്നും വക്താവ് വിശദീകരിച്ചു.
എന്നാൽ, കോവിഡ് അണുബാധ പ്രത്യുൽപാദന കോശങ്ങളെ ബാധിക്കുകയും ഫലഭൂയിഷ്ഠതയെയും പ്രത്യുൽപാദന ശേഷിയെയും ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വാക്സിൻ അല്ല, അണുബാധയിൽനിന്നാണ് അപകടം സംഭവിക്കുകയെന്നും വക്താവ് കൂട്ടിച്ചേർത്തു. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കുത്തിവെപ്പെടുക്കാൻ ചില രാജ്യങ്ങൾ അംഗീകാരം നൽകിയതിനാൽ, രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 70 ശതമാനം കുത്തിവെപ്പ് പൂർത്തിയായാൽ കുട്ടികൾക്കും കുത്തിവെപ്പ് ആരംഭിക്കുമെന്ന് പ്രതിരോധ ആരോഗ്യ അസി. ഡെപ്യൂട്ടി മന്ത്രി ഡോ. അബ്്ദുല്ല അസിരി പറഞ്ഞു. ഇതുവരെ 100ന് 38.5 ഡോസ് എന്ന നിരക്കിൽ രാജ്യത്ത് 1.34 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.