ജിദ്ദ: കോവിഡ് വാക്സിനേഷൻ ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനുകൾ ലഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഓരോ 100 പേരിൽ 40 പേർക്കും ഇതുവരെ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചുവെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസ്സിരി ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഇതുവരെ രാജ്യത്തൊരുക്കിയ 587 കേന്ദ്രങ്ങളിലായി 1.39 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തുള്ള മഹാഭൂരിപക്ഷം ആളുകളിലേക്കും വാക്സിൻ ഒന്നാം ഡോസ് എത്തിക്കാനും രോഗപ്രതിരോധം നേടാനും ലക്ഷ്യംവെച്ച് രണ്ടാം ഡോസ് വിതരണ കാലാവധി ഏപ്രിൽ 10 മുതൽ ദീർഘമായി നീട്ടിയിട്ടുണ്ട്.
എന്നാൽ, വാക്സിനേഷെൻറ രണ്ടാം ഡോസ് 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്ക് എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും ഇപ്പോൾ ലഭ്യമാണ്. 2021 അവസാനിക്കുന്നതിനുമുമ്പ് രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ കാമ്പയിൻ പൂർത്തിയാക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
2020 ഡിസംബർ 17നാണ് ആദ്യമായി രാജ്യത്ത് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. ഫൈസർ ബയോൺടെക് വാക്സിനാണ് ആദ്യമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) അംഗീകാരം നൽകിയത്. ആദ്യ ഘട്ടത്തിൽ മൂന്ന് വിഭാഗങ്ങൾക്കായിരുന്നു വാക്സിൻ വിതരണത്തിൽ മുൻഗണന. 65 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ആരോഗ്യമേഖലയിലെ തൊഴിലാളികളെപ്പോലെ കോവിഡിനെ നേരിടാൻ മുൻനിരയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കായിരുന്നു ആദ്യ കുത്തിവെപ്പുകൾ. ആദ്യത്തെ വാക്സിനേഷൻ കേന്ദ്രം റിയാദിലും പിന്നീട് ജിദ്ദ, ദമ്മാം, മദീന, മക്ക എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ തുറന്നു.
ഫെബ്രുവരി 18ന് ആരംഭിച്ച വാക്സിനേഷെൻറ രണ്ടാംഘട്ടത്തോടെ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും എല്ലാ പ്രദേശങ്ങളിലും സൗജന്യ വാക്സിൻ ലഭ്യമാക്കാൻ തുടങ്ങി. എസ്.എഫ്.ഡി.എ അംഗീകരിച്ച രണ്ടാമത്തെ വാക്സിൻ ഓക്സ്ഫഡ് ആസ്ട്രസെനകയും ഈ കേന്ദ്രങ്ങളിൽ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.