മക്ക: ഉംറ തീർഥാടകരുടെ തിരക്കേറിയതോടെ മസ്ജിദുൽ ഹറാമിൽ ബോധവത്കരണം ഊർജിതമാക്കി. ഇരുഹറം കാര്യാലയത്തിന് കീഴിലെ ഡിജിറ്റൽ ബോധവത്കരണ വകുപ്പാണ് തീർഥാടകരെ ബോധവത്കരിക്കുന്നത്. സ്കൂളുകൾക്ക് അവസാന സെമസ്റ്റർ അവധി ആയതിനാൽ ഹറമിലെത്തുന്നവരുടെ എണ്ണം കൂടി.
ഡിജിറ്റൽ കേന്ദ്രങ്ങളിലൂടെയും ഇൻട്രാക്ടിവ് സ്ക്രീനുകളിലൂടെയും തീർഥാടകർക്ക് ബോധവത്കരണം നൽകാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ബോധവത്കരണ വിഭാഗം അണ്ടർ സെക്രട്ടറി അലി ബിൻ മുഹമ്മദ് അൽഅസാഫ് പറഞ്ഞു. അനായാസം കർമം നിർവഹിക്കുന്നതിനും അനുഭവം സമ്പന്നമാക്കുന്നതിനുമാണ് ഇതെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ വരവ് തുടരുകയാണ്. ശഅ്ബാൻ, റമദാൻ മാസങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് ഉംറ സേവന രംഗത്തുള്ളവർ വിലയിരുത്തുന്നത്. ട്രാൻസിറ്റ്, ടൂറിസ്റ്റ് വിസ അനുവദിച്ച് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കിയതും ഇങ്ങനെ എത്തുന്നവർക്ക് ഉംറ ചെയ്യാൻ അവസരമൊരുക്കിയതും ഈ വർഷം ഉംറ തീർഥാടകരുടെ എണ്ണം കൂടാൻ കാരണമാകും. ഇത് കണക്കിലെടുത്ത് ആവശ്യമായ സജ്ജീകരണം പൂർത്തിയാക്കിയിട്ടുണ്ട്. യാത്ര എളുപ്പമാക്കുന്നതിന് കര, വ്യോമ, കടൽ പ്രവേശന കവാടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.