പുതിയ വിമാനത്താവളത്തിന്‍റെ മാതൃക

റിയാദിൽ പുതിയ രാജ്യാന്തര വിമാനത്താവളം പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദ് കേന്ദ്രമായി യാഥാർഥ്യമാകാൻ പോകുന്ന കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സിന്റെയും (സി.ഇ.ഡി.എ) പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും (പി.ഐ.എഫ്) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

നിർദിഷ്ട വിമാനത്താവളം സൗദി തലസ്ഥാനത്തേക്കും തിരിച്ചുമുള്ള അന്തർദേശീയ യാത്ര സുഗമമാക്കുന്നതോടൊപ്പം ചരക്ക് നീക്കത്തിന്റെ ആഗോള കേന്ദ്രമെന്ന റിയാദിന്റെ സ്ഥാനം ഉയർത്തുകയും വ്യാപാരം, ടൂറിസം എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യും. കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന പാലമായി വിമാനത്താവളത്തെ മാറ്റും. റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച 10 നഗര സമ്പദ്‌ വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യമാണ് വിമാനത്താവള പദ്ധതിക്കുള്ളത്.

2030-ഓടെ റിയാദിനെ ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയിൽ ജനസംഖ്യയുള്ള നഗരമായി പരിവർത്തിപ്പിക്കുക എന്ന സൗദി അറേബ്യയുടെ 'വിഷൻ' പദ്ധതിക്കനുസൃതമായാണ് വിമാനത്താവള പദ്ധതി. നിലവിലുള്ള കിങ് ഖാലിദ് വിമാനത്താവളത്തിന്റെ റൺവേകൾക്ക് സമാന്തരമായി പുതിയ ആറ് റൺവേകൾ കൂടി സ്ഥാപിക്കുകയും നിലവിലുള്ള ടെർമിനലുകളോട് ചേർന്ന് പുതിയ ടെർമിനലുകൾ നിർമിക്കുകയും ചെയ്യും. ഏകദേശം 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും ഇപ്പോഴത്തെ ഭരണാധികാരിയുടെ നാമധേയത്തിലുള്ള പുതിയ വിമാനത്താവളം. 12 ചതുരശ്ര കിലോമീറ്ററിൽ എയർപോർട്ട് അനുബന്ധ സംവിധാനങ്ങൾ, താമസ, വിനോദ സൗകര്യങ്ങൾ, ചില്ലറ ഔട്ട്‌ലെറ്റുകൾ, ചരക്ക് ക്ലിയറൻസ് കൈമാറ്റ സംവിധാനങ്ങൾ റിയൽ എസ്റ്റേറ്റ് ഓഫിസുകൾ എന്നിവ സ്ഥാപിക്കും. 


(കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളം സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നു)

 


2030-ഓടെ പ്രതിവർഷം 12 കോടി യാത്രക്കാർക്കും 2050-ഓടെ 18.5 കോടി യാത്രക്കാർക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും. 35 ലക്ഷം ടൺ ചരക്ക് കൈമാറ്റത്തിനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. തടസമില്ലാത്ത യാത്ര, ലോകോത്തരവും കാര്യക്ഷമവുമായ വിമാനത്താവള പ്രവർത്തനങ്ങൾ എന്നിവ പ്രത്യേകതകളായിരിക്കും. സൗദി സന്ദർശകർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും സവിശേഷമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി റിയാദിന്റെ വ്യതിരിക്തതയും സൗദി സംസ്കാരവും കണക്കിലെടുക്കുത്തുള്ള രൂപകൽപ്പനയാണ് വിമാനത്താവളത്തിനായി തയാറാക്കിയിട്ടുള്ളത്. അത്യാധുനിക ഹരിത സംരംഭങ്ങൾ ഉൾപ്പെടുത്തി വിമാനത്താവളത്തിന് 'ലീഡ് പ്ലാറ്റിനം' അംഗീകാരം നേടിയെടുക്കും. കൂടാതെ പുനരുപയോഗ ഊർജം ഉപയോഗിച്ചായിരിക്കും വിമാനത്താവളം പ്രവർത്തിക്കുക.

'വിഷൻ 2030' ലക്ഷ്യങ്ങൾക്ക് അനുസൃതമായി പുതിയ വിമാനത്താവളം എണ്ണയിതര വരുമാനമായി പ്രതിവർഷം 27,000 കോടി റിയാൽ രാജ്യത്തിന് സംഭാവന ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രത്യക്ഷമായും പരോക്ഷമായും 10,30,00 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. സമ്പദ്‌ വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ശ്രമങ്ങളുടെ കൂടി ഭാഗമാണ് ചെയർമാൻ കൂടിയായ കിരീടാവകാശിയുടെ വിമാനത്താവള പ്രഖ്യാപനം.


Tags:    
News Summary - Crown Prince announced a new international airport in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.