ജിദ്ദ: സൗദി അറേബ്യയിലെ ചരിത്രപരവും സാംസ്കാരികവുമായി അറിയപ്പെട്ട കൊട്ടാരങ്ങൾ വികസിപ്പിച്ച് ആഡംബര ഹോട്ടലുകളായി മാറ്റുന്നു. ഇതിനായി 'ബോട്ടിക് ഗ്രൂപ്പ്' എന്ന സംരംഭം കിരീടാവകാശിയും പൊതുനിക്ഷേപ നിധി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു.
രാജ്യത്തെ ചരിത്രപരവും സാംസ്കാരികവുമായി പ്രസക്തമായ കൊട്ടാരങ്ങളെ പുനരുദ്ധരിക്കാനും വികസിപ്പിക്കാനും ലക്ഷ്വറി ബോട്ടിക് ഹോട്ടലുകളാക്കി മാറ്റാനുമാണ് പദ്ധതിയെന്ന് കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തിന്റെ ആധികാരിക സംസ്കാരത്തോടൊപ്പം ഊർജസ്വലമായ ദേശീയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും അസാധാരണവും അതുല്യവുമായ ആതിഥേയ അനുഭവം ഒരുക്കാനുമാണ് ഇത്. സ്വകാര്യ നിക്ഷേപകരുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. പദ്ധതിയുടെ ആദ്യ ഘട്ടം മൂന്ന് ചരിത്ര സ്ഥലങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, റെഡ് പാലസ് എന്നിയാണ് ഇപ്പോൾ ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്. 33 ലക്ഷ്വറി സ്യൂട്ടുകളും 44 ആഡംബര വില്ലകളും ഉൾപ്പെടെ 77 മുറികൾ ഉൾപ്പെടുന്നതായിരിക്കും ജിദ്ദയിലെ അൽഹംറ പാലസ്. 40 ലക്ഷ്വറി സ്യൂട്ടുകളും 56 ആഡംബര വില്ലകളും ഉൾപ്പെടെ 96 മുറികൾ ഉൾപ്പെടുന്നതായിരിക്കും റിയാദിലെ തുവൈഖ് പാലസ്. 46 ലക്ഷ്വറി സ്യൂട്ടുകളും 25 ആഡംബര അതിഥി മുറികളും ഉൾപ്പെടെ 71 മുറികൾ അടങ്ങുന്നതായിരിക്കും റിയാദിലെ റെഡ് പാലസ്.
രാജ്യത്തിലെ അത്യാഡംബര ആതിഥേയ മേഖലയെ സമ്പുഷ്ടമാക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ഒരു പ്രത്യേക ആതിഥ്യ അനുഭവം നൽകുന്നതിന് രാജ്യത്തിന്റെ സാംസ്കാരികവും പൈതൃകപരവുമായ മൂല്യങ്ങളുടെ ആധികാരികതയും ആധുനിക ജീവിതശൈലിയും 'ബൊട്ടിക് ഗ്രൂപ്പ്' സമന്വയിപ്പിക്കും. മികച്ച അന്താരാഷ്ട്ര റസ്റ്റോറൻറുകൾക്കായി കമ്പനി നിരവധി ഓപ്ഷനുകൾ നൽകും.
ഏറ്റവും പുതിയ വിനോദ കേന്ദ്രങ്ങളിൽ വിശ്രമത്തിനുള്ള അന്തരീക്ഷം പ്രദാനം ചെയ്യും. കൂടാതെ ഒരോ അതിഥിക്കും പ്രത്യേക സേവനങ്ങളും നൽകുമെന്നും കിരീടാവകാശി പറഞ്ഞു. കിരീടാവകാശിയുടെ 'ബൊട്ടിക് ഗ്രൂപ്പി'ന്‍റെ പ്രഖ്യാപനം രാജ്യത്തിലെ വാഗ്ദാനമായ മേഖലകൾ വികസിപ്പിക്കുന്നതിൽ പൊതുനിക്ഷേപ നിധിയുടെ പങ്കിന്‍റെ സ്ഥിരീകരണമാണെന്ന് നിധി ഗവർണർ യാസിർ അൽറുമയാൻ പറഞ്ഞു. സൗദി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണിത്. സൗദി വിപണിയിലെ ടൂറിസം സാധ്യതകൾ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കും. വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രമുഖ വിനോദസഞ്ചാര സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ പ്രാദേശികമായും അന്തർദേശീയമായും രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കുമെന്നും സൗദി നിക്ഷേപ നിധി ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.