ജിദ്ദ: ജിദ്ദയുടെ ഹൃദയഭാഗത്തി​െൻറ മുഖഛായ മാറ്റാൻ പോകുന്ന 'സെൻട്രൽ ജിദ്ദ' പദ്ധതിയും അതി​െൻറ പ്രധാന സവിശേഷതകളും പ്രഖ്യാപിച്ചു. കിരീടാവകാശിയും സെൻട്രൽ ജിദ്ദ ഡെവലപ്‌മെൻറ്​ കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ പദ്ധതി പ്രഖ്യാപനം നടത്തിയത്​. മൊത്തം 75 ശതകോടി റിയാലി​െൻറ നിക്ഷേപത്തോടെ 5.7 ദശലക്ഷം ചതുരശ്ര മീറ്ററിലാണ്​ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്​.


പൊതുനിക്ഷേപ ഫണ്ടി​െൻറയും സൗദിക്കകത്തും പുറത്തുമുള്ള സ്വകാര്യ നിക്ഷേപകരുടെയും മുതൽമുടക്കിലാണ്​​​ പദ്ധതി നടപ്പാക്കുക. രാജ്യത്തി​െൻറ എല്ലാ പ്രദേശങ്ങളും നഗരങ്ങളും വികസിപ്പിക്കുന്നതിലുള്ള കിരീടാവകാശിയുടെ താൽപര്യത്തി​െൻറ ഭാഗമായാണ്​ സെൻട്രൽ ജിദ്ദ പദ്ധതി മാസ്​റ്റർ പ്ലാനിന്​ അംഗീകാരം നൽകിയിരിക്കുന്നത്​. ജിദ്ദ നഗരത്തി​െൻറ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സഹായിക്കുന്ന, ചെങ്കടലി​െൻറ നേരിട്ടുള്ള കാഴ്ചകളുള്ള ജിദ്ദയുടെ ഹൃദയഭാഗത്തെ ആഗോള ലക്ഷ്യസ്ഥാനമാക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. കൂടാതെ 2030 ഓടെ രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയിൽ 47 ശതകോടി റിയാൽ അധിക മൂല്യം കൈവരിക്കാനും ലക്ഷ്യമിടുന്നുണ്ട്​. പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുക. ആദ്യഘട്ടം 2027 വർഷാവസാനത്തോടെ പൂർത്തിയാകും.


ഓപേറ ഹൗസ്, മ്യൂസിയം, സ്‌പോർട്‌സ് സ്​റ്റേഡിയം, ഓഷ്യൻ ബേസിനുകൾ, കോറൽ ഫാമുകൾ എന്നിങ്ങനെ നാല് പ്രധാന അന്താരാഷ്​ട്ര ലാൻഡ്​​ മാർക്കുകൾ പദ്ധതിയിലുൾപ്പെടും. നിലവാരമുള്ള 10​ വിനോദ വിനോദസഞ്ചാര പദ്ധതികളുമുണ്ട്​. ടൂറിസം, സ്പോർട്​സ്​, സാംസ്കാരിക, വിനോദം എന്നീ മേഖലകളുടെ വികസനത്തിനും പ്രാദേശിക സ്വകാര്യ മേഖലയ്ക്ക് അന്താരാഷ്​ട്ര നിലവാരത്തിൽ പങ്കാളിയാകാനുള്ള വഴി തുറക്കുന്നതിനും പദ്ധതി സഹായിക്കും.


17,000 ഹൗസിങ്​ യൂനിറ്റുകൾ ഉൾപ്പെടുന്ന ആധുനിക റെസിഡൻഷ്യൽ ഏരിയകളുടെ നിർമാണവും വികസനവും ഉൾപ്പെടെ 2,700-ലധികം മുറികളുള്ള വിവിധ ഹോട്ടൽ പദ്ധതികൾ, ലോകോത്തര നിലവാരത്തിലുള്ള ബീച്ച് (മറീന)​, അതിശയിപ്പിക്കുന്ന ബീച്ച് റിസോർട്ടുകൾ എന്നിവയും പദ്ധതിയിലുൾപ്പെടും. പ്രാദേശികവും അന്തർദേശീയവുമായ ആഡംബര ഹോട്ടലുകൾ, റെസ്​റ്റോറൻറുകൾ, കഫേകൾ, വിവിധ ഷോപ്പിങ്​ ഏരിയകൾ പദ്ധതി ലക്ഷ്യമിടുന്നു.

രാജ്യാന്തര നിലവാരത്തിലുള്ള ആധുനിക ഡിസൈനുകളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ അന്താരാഷ്​ട്ര സാങ്കേതിക വിദ്യകളുടെ സഹായത്താൽ ഹിജാസി വാസ്തുവിദ്യയുടെ സവിശേഷത ഉൾക്കൊള്ളിച്ചായിരിക്കും പദ്ധതിക്ക്​ കീഴിലെ കെട്ടിടങ്ങളും മറ്റും ഡിസൈൻ ചെയ്യുക. നൂതന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഡെസ്​റ്റിനേഷൻ കൂടിയാകും. ഗ്രീൻ സൗദി ഇനിഷ്യേറ്റീവി​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പാരിസ്ഥിതിക സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുന്ന പുനരുപയോഗ ഊർജം ഉൾപ്പെടെയുള്ള മികച്ച സുസ്ഥിര സാങ്കേതിക വിദ്യകളും ഉപയോഗിക്കും. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വിദഗ്​ധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 500-ലധികം എൻജിനീയർമാരും കൺസൾട്ടൻറുമാണ്​ മാസ്​റ്റർ പ്ലാനി​െൻറ രൂപകൽപ്പനയിൽ പങ്കെടുത്തത്​. താമസക്കാർക്കും സന്ദർശകർക്കും മികച്ച ജീവിതശൈലി പ്രദാനം ചെയ്യുന്നതോടൊപ്പം സമ്പന്നമായ സമ്പദ്‌ വ്യവസ്ഥയും ഊർജസ്വലമായ സമൂഹവും കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2030​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യുമെന്നാണ്​ വിലയിരുത്തൽ.

സെൻട്രൽ ജിദ്ദ പദ്ധതിയിൽ നിരവധി പ്രകൃതിദത്ത ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. 9.5 കിലോമീറ്റർ നീളമുള്ള വാട്ടർ സ്ട്രിപ്പുള്ള വാട്ടർ ഫ്രണ്ട് ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തും നിന്ന് ബോട്ടുകൾ സ്വീകരിക്കാൻ തയാറുള്ള അന്താരാഷ്​ട്ര സവിശേഷതകളുള്ള ബീച്ച്​, 2.1 കിലോമീറ്റർ നീളമുള്ള മണൽ കടൽത്തീരം, ഹരിത ഇടങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, പൊതു സേവനങ്ങൾ എന്നിവ പദ്ധതി പ്രദേശത്തി​െൻറ 40 ശതമാനം വരും. പൊതു നിക്ഷേപ ഫണ്ടി​െൻറ പ്രധാന പ്രാദേശിക നിക്ഷേപങ്ങളിലൊന്നാണ് പദ്ധതി. വരുമാന സ്രോതസുകൾ വൈവിധ്യവത്കരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും രാജ്യത്തെ പൗരന്മാർക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും സഹായിക്കുന്നതായിരിക്കും. ഇതിനായി സെൻട്രൽ ജിദ്ദ ഡെവലപ്‌മെൻറ്​ കമ്പനി എന്ന പേരിൽ 2019ൽ പൊതു നിക്ഷേപ ഫണ്ട്​ കമ്പനി സ്ഥാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Crown Prince announces Central Jeddah development plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.