ജിദ്ദ: ശനിയാഴ്ച ത്വാഇഫിൽ ആരംഭിക്കുന്ന 'ക്രൗൺ പ്രിൻസ്' ഒട്ടകമേളക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ത്വാഇഫ് ഒട്ടകമത്സര മൈതാനത്ത് നടക്കുന്ന മേള 44 ദിവസം നീണ്ടുനിൽക്കും. 10 കിലോമീറ്റർ നീളവും സ്റ്റാർട്ട് ലൈനിൽ 40 മീറ്റർ വീതിയും ഫിനിഷിങ് ലൈനിൽ 12 മീറ്റർ വീതിയുമുള്ള റണ്ണിങ് ട്രാക്കിന് പുറമെ നിരവധി സൗകര്യങ്ങളും സംവിധാനങ്ങളും മൈതാനത്തുണ്ട്. സുരക്ഷിതമായ വേലി, മണ്ണിലെ ഉയരം, പ്രത്യേക വെളിച്ചം എന്നിവയുടെ കാര്യത്തിൽ ലോകോത്തര നിലവാരത്തിലാണ് മൈതാനം രൂപകൽപന ചെയ്തിരിക്കുന്നത്. കിരീടാവകാശിയുടെ വാൾ ഉൾപ്പെടെ 56 ദശലക്ഷം റിയാലിന്റെ സമ്മാനങ്ങളാണ് മത്സരവിജയികൾക്കുള്ളത്. ഏറ്റവും കൂടുതൽ പോയന്റ് നേടുന്നയാൾക്ക് ഒരു ദശലക്ഷം റിയാൽ സമ്മാനം നൽകും. പ്രാഥമികം, ഫൈനൽ എന്നീ റൗണ്ടുകളിലായി 591 ഒട്ടകയോട്ട മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ആഗോള പങ്കാളിത്തത്തിനിടയിൽ ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്നുള്ള വൻകിട ഉടമകൾ മത്സരിക്കാനെത്തും.
മത്സരസമയത്ത് മൈതാനത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന് അകത്തെ റോഡുകൾ പുതുക്കിപ്പണിയുകയും വേണ്ട റിപ്പയറിങ്ങുകൾ നടത്തുകയും ട്രാക്കിലെ പഴയ മണ്ണ് മാറ്റി പുതിയത് വിരിക്കുകയും ചെയ്തത് ഏറ്റവും പ്രധാനപ്പെട്ട തയാറെടുപ്പുകളാണെന്ന് ഒട്ടകമേളയുടെ ഔദ്യോഗിക വക്താവ് അഹമ്മദ് അൽബദ്ർ പറഞ്ഞു.
ക്രൗൺ പ്രിൻസ് ഒട്ടകമേളയുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. എല്ലാ വിവരങ്ങളും അതിൽ ലഭ്യമാണ്. മേളയുമായി ബന്ധപ്പെട്ട എല്ലാം, അതായത് മത്സരത്തിന്റെ ഷെഡ്യൂളുകൾ, ഒട്ടകങ്ങളെയും അവയുടെ ചരിത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ, മറ്റ് സാംസ്കാരിക വിവരങ്ങൾ എന്നിവ അതിലുണ്ട്. സാങ്കേതികം, ഫീൽഡ്, മീഡിയ, ഓർഗനൈസേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള മുഴുവൻ സമിതികളുടെയും പ്രവർത്തനത്തിനുള്ള ഒരുക്കം പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ പങ്കാളികളും ഉത്സവത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കണമെന്ന് സംഘാടക സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.