ജിദ്ദ: സൗദി അറേബ്യയുടെ ‘കിരീടാവകാശി ഒട്ടകോത്സവം 2023’ ആഗസ്റ്റ് ഒന്നിന് ത്വാഇഫ് കാമൽ സ്ക്വയറിൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റ് ലോക രാജ്യങ്ങളിൽനിന്നും ഒട്ടകങ്ങളും ജനങ്ങളും പങ്കെടുക്കുന്ന മേള വിവിധയിനം മത്സരങ്ങളും മറ്റ് പരിപാടികളുമായി 38 ദിവസം നീളും.
സൗദി അറേബ്യയിലും അറബ്, ഇസ്ലാമിക സംസ്കാരങ്ങളിലും ഒട്ടക ഓട്ടത്തിെൻറ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ടൂറിസം, സാമ്പത്തിക വികസനം എന്നിവയെ പിന്തുണക്കുന്നതിനും വേണ്ടിയുള്ള ഏറ്റവും വലിയ ഒട്ടകോത്സവത്തിെൻറ അഞ്ചാം പതിപ്പാണ് ഇത്തവണത്തേത്.
2018ൽ ആരംഭിച്ചതിനുശേഷം വാർഷികോത്സവം സ്ഥിരമായ വളർച്ച രേഖപ്പെടുത്തിയതിനാൽ ഈ വർഷം 60,000 ഒട്ടകങ്ങൾ പ്രദർശനത്തിലുണ്ടാകും. 5.6 കോടിയിലധികം സൗദി റിയാൽ മൂല്യമുള്ള, രാജ്യത്തെ കായികരംഗത്തെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഒട്ടകയോട്ടം, സൗന്ദര്യമേള അടക്കമുള്ള വിവിധ മത്സരങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തെ മേളകൾ മികച്ച വിജയങ്ങൾക്കും ഒട്ടകയോട്ട മത്സരം കായികരംഗത്ത് ഗുണപരമായ കുതിച്ചുചാട്ടത്തിനും സാക്ഷ്യംവഹിച്ചു.
സൗദി അറേബ്യയുടെ നേതൃത്വത്തിൽ റിയാദ് ആസ്ഥാനമാക്കി ഒരു ഇന്റർനാഷനൽ ഒട്ടക ഫെഡറേഷൻ സ്ഥാപിച്ചിട്ടുണ്ട്. അതിലേക്ക് നയിച്ചതും ഒട്ടക കായിക വിനോദത്തിനുള്ള ലോകത്തെ ആദ്യത്തെ ലക്ഷ്യസ്ഥാനമാക്കി മാറ്റിയതും കിരീടാവകാശി ഒട്ടകോത്സവത്തിെൻറ വിജയമാണ്.
കഴിഞ്ഞ മേളയിൽ 11,000ലധികം ഒട്ടകങ്ങളെയാണ് ഉദ്ഘാടനച്ചടങ്ങിൽ പ്രദർശിപ്പിച്ചത്. ഇത് ഗിന്നസ് വേൾഡ് ഓഫ് റെക്കോഡ്സിൽ രേഖപ്പെടുത്തുകയും ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മേളയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൗദി അറേബ്യയുടെ പൈതൃകവുമായി അടുത്ത ബന്ധമുള്ള ജനപ്രിയ മൃഗമാണ് ഒട്ടകം. ‘മരുഭൂമിയുടെ കപ്പൽ’ എന്ന് പ്രാചീനകാലം മുതലേ വിളിക്കപ്പെടുന്നു. ഇത് മരുഭൂനിവാസികളുടെ ജീവിതരേഖയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.