ജിദ്ദ: മദീനയിലെ മസ്ജിദ് ഖുബാ കിങ് സൽമാൻ വിപുലീകരണ പദ്ധതി ആരംഭിച്ചതായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി മസ്ജിദ് ഖുബാ സന്ദർശന വേളയിലാണ് ഇക്കാര്യം കിരീടാവകാശി പ്രഖ്യാപിച്ചത്.
ചുറ്റുമുള്ള പ്രദേശത്തെ വികസിപ്പിച്ചു കൊണ്ടുള്ള മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവു വലിയ വിപുലീകരണ പദ്ധതിയായിരിക്കും ഇത്. പദ്ധതിക്ക് സൽമാൻ രാജാവിന്റെ പേരിടാൻ നിർദേശിക്കുകയും ചെയ്തു. വിപുലീകരണത്തിലൂടെ പള്ളിയുടെ മൊത്തം വിസ്തീർണ്ണം 50,000 ചതുരശ്ര മീറ്ററായി ഉയർത്തി നിലവിലെ വിസ്തീർണ്ണത്തിന്റെ പത്ത് മടങ്ങ് വർധിപ്പിക്കാനും 66,000 വിശ്വാസികളെ വരെ ഒരേ സമയം ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാനുമാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.
ഇസ്‌ലാമിലെ ആദ്യത്തെ പള്ളിയാണ് മസ്ജിദ് ഖുബാ എന്നും സീസണുകളിൽ കൂടുതൽ പേർക്ക് നമസ്കാര സൗകര്യമൊരുക്കുകയും പള്ളിയുടെ ചരിത്രപരമായ സവിശേഷത ഉയർത്തിക്കാട്ടാനും ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കാനുമാണ് വിപുലീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു. തീർഥാടകരെ സേവിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ഇത്. പള്ളിയുടെ വിസ്തീർണ്ണം 5,035 ചതുരശ്ര മീറ്ററിൽ നിന്ന് 50,000 ചതുരശ്ര മീറ്ററായി ഉയർത്തും. ചരിത്രപരമായ സ്ഥലങ്ങളിലെത്തുന്ന സന്ദർശകന്റെ അനുഭവം സമ്പന്നമാക്കുക എന്ന ലക്ഷ്യം നേടാൻ ഇത് സഹായിക്കും.
നിരവധി കിണറുകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 57 ചരിത്ര സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതിനും മൂന്ന് പ്രവാചക പാതകളെ ബന്ധിപ്പിക്കുന്നതിനും ചരിത്രപരമായ സ്ഥലങ്ങളുടെ വികസനവും പുനരുജ്ജീവനവും പദ്ധതിയിൽ ഉൾപ്പെടുന്നു. നിലവിലെ സാഹചര്യവും വർധിച്ചുവരുന്ന ആവശ്യവും തമ്മിലുള്ള വിടവ് നികത്താനുള്ള ശേഷി ഉയർത്തുകയാണ് ഖുബാ പള്ളിയുടെ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പള്ളിയെ നാല് വശത്തുനിന്നും തണലേകുന്ന മുറ്റങ്ങളുമായി ബന്ധിപ്പിക്കും. പള്ളി കെട്ടിടത്തിന്റെ കാര്യക്ഷമത, അനുബന്ധ സേവന സംവിധാനം, റോഡ് ശൃംഖലയും ചുറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പള്ളിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക, തിരക്ക് കൂടുന്നതിന് സമൂലമായ പരിഹാരങ്ങൾ കണ്ടെത്തുക, സന്ദർശകരുടെ സുരക്ഷ എന്നിവയും വിപുലീകരണത്തിൽ ലക്ഷ്യമിടുന്നതായും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.