റിയാദ്: കേന്ദ്ര സർവകലാശാലകളുടെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുവേണ്ടി 'നാഷനൽ ടെസ്റ്റിംങ് ഏജൻസി'ക്ക് കീഴിൽ നടക്കുന്ന സെൻട്രൽ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET)പരീക്ഷ ഇന്ന് റിയാദിൽ ആരംഭിക്കും. രാജ്യത്തുടനീളമുള്ള കേന്ദ്ര സർവ്വകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രവേശനം നേടുന്നതിനുവേണ്ടി വിദ്യാർഥികൾക്കുള്ള ഏകജാലക സംവിധാനമാണിത്. എന്നാൽ എല്ലാ സ്വകാര്യ കോളേജുകൾക്കും കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ആവശ്യമില്ല. 13.48 ലക്ഷം കുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 379 നഗരങ്ങളിൽ നടക്കുന്ന ഈ പരീക്ഷ 26 കേന്ദ്രങ്ങളിലാണ് ഇന്ത്യക്ക് പുറത്ത് നടക്കുന്നത്. ഇതാദ്യമായാണ് സൗദി അറേബ്യയിൽ പ്രവാസി വിദ്യാർഥികൾക്കായി ഇങ്ങിനെ ഒരു അവസരം തുറക്കുന്നത്. നീറ്റ് പരീക്ഷയുൾപ്പെടെ എൻ.ടി.എ യുടെ വിവിധ പരീക്ഷകൾ ഭംഗിയായി നിർവ്വഹിച്ച ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ റിയാദിലാണ് സെൻട്രൽ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) പരീക്ഷക്കും പ്രഥമ വേദിയാകാനുള്ള ഭാഗ്യം ലഭിച്ചത്. എക്സിറ്റ് 24 ലെ ബോയ്സ് സ്കൂളിൽ 15,16,17,18 തിയതികളിലാണ് പരീക്ഷ നടക്കുക. 285 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികളാണ് ഈ പരീക്ഷയിൽ പങ്കെടുക്കുക. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാനാണ് കേന്ദ്ര പരീക്ഷ സൂപ്രണ്ട്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള മുഹമ്മദ് ഷബീർ കേന്ദ്ര നിരീക്ഷകനായിരിക്കും. കുട്ടികൾ അവർക്ക് ലഭിച്ച നിർദേശങ്ങൾ നന്നായി വായിച്ചു മനസിലാക്കി അതിൽ പറഞ്ഞ നിഷ്കർഷയോടെ, അഡ്മിറ്റ് കാർഡുമായാണ് പരീക്ഷ കേന്ദ്രത്തിലെത്തേണ്ടത്. പരീക്ഷക്ക് ഹാജരാകുന്നതിന് മുമ്പ്, അവരുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. റിപ്പോർട്ടിംഗ് സമയവും പ്രധാനപ്പെട്ട പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങളും പരിശോധിക്കുകയും വേണം. ഏഴ് മണിക്ക് മുമ്പായി കുട്ടികൾ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരണം. പരീക്ഷക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.