റിയാദ്: മൊബൈൽ ഫോണിലേക്ക് ഒ.ടി.പി അയച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് നിരന്തരമായി വാർത്തകൾ വന്ന് തുടങ്ങിയതോടെ അടവുമാറ്റി സൈബർ കള്ളന്മാർ. വെബ്സൈറ്റ് വഴിയാണ് പുതിയ പണി വരുന്നത്. റിയാദിൽ ഐ.ടി രംഗത്തെ സംരംഭകനായ പെരിന്തൽമണ്ണ സ്വദേശി മഹ്റൂഫിന്റെ മകൻ ഫഹീമിനെയാണ് സൈബർ കള്ളൻ കഴിഞ്ഞ ദിവസം ചൂണ്ടയിൽ കുരുക്കാൻ ശ്രമിച്ചത്. ഫഹീം പഠനാവശ്യത്തിനായി ലാപ് ടോപ്പിൽ തുറന്നപ്പോൾ വെബ്സൈറ്റുകളൊന്നും ഉപയോഗിക്കാൻ കഴിയാത്ത വിധം മരവിച്ചിരിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റേത് പോലെ രൂപകൽപന ചെയ്ത പേജിൽ സ്ക്രീനിൽ ഒരു സന്ദേശം വന്ന് കിടപ്പുണ്ടായിരുന്നു. ഈ രാജ്യത്ത് ഉപയോഗിക്കാൻ അനുമതിയില്ലാത്ത വെബ്സൈറ്റ് ഉപയോഗിച്ചെന്നും ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടത്തിയതെന്നുമാണ് ആ സന്ദേശത്തിൽ പറയുന്നത്.
താങ്കൾ ചെയ്ത കുറ്റത്തിന് പിഴയായി 1900 സൗദി റിയാൽ 12 മണിക്കൂറിനകം അടക്കണം. അല്ലാത്തപക്ഷം തുക പത്തിരട്ടിയായി വർധിക്കുമെന്നും തടവും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷക്ക് വിധേയമാകേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു. ബാങ്ക് കാർഡ് വിവരങ്ങൾ നൽകി വഴി പണം അടക്കാനുള്ള സംവിധാനവും ഇതേ പേജിൽ ഒരുക്കിയിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന പേജാണ് തട്ടിപ്പിനായി നിർമിച്ചിരിക്കുന്നത്. ഐ.ടി വിദ്യാർഥിയും ഉപ്പയോടൊപ്പം ബിസിനസിൽ സഹായിയുമായ ഫഹീമിന് ഇത്തരം തട്ടിപ്പിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നത് കൊണ്ടും കുരുക്കിൽ പെടാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മൊബൈൽ നമ്പർ പോർട്ട് ചെയ്ത് നടത്തിയ തട്ടിപ്പിനെ കുറിച്ച് ‘ഗൾഫ് മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഒ.ടി.പി വാങ്ങി പണം തട്ടുന്ന സൈബർ കെണിയിൽ കുടുങ്ങിയ നിരവധി പേരാണ് ചതിയിൽപെട്ട അനുഭവം പങ്കുവെച്ചത്.
വ്യാപകമായ സൈബർ തട്ടിപ്പിനെതിരെ നിതാന്ത ജാഗ്രത പുലർത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കൊറോണ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസാണെങ്കിൽ മനുഷ്യന്റെ സ്വകാര്യതക്കും സാമ്പത്തിക സുരക്ഷക്കും ഭീഷണിയാണ് പുതിയ സൈബർ വൈറസുകളും കള്ളന്മാരുമെന്ന് അനുഭവസ്ഥർ പറയുന്നു.
അപകടകരമായ ഈ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ സ്കൂളുകൾ തൊട്ട് സാധ്യമാകുന്ന ഇടങ്ങളിലെല്ലാം അധ്യാപകരും സാമൂഹിക പ്രവർത്തകരും സംഘടനകളും ബോധവത്കരണം നടത്തുകയാണ് മുൻകരുതലെന്ന് മഹ്റൂഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.