ദമ്മാം: ഇന്ത്യൻ സിവിൽ സർവിസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് അഭിമാനിക്കാൻ വക. പൂർവ വിദ്യാർഥിനി ദീന ദസ്തഗീറിെൻറ 63ാം റാങ്കാണ് സ്കൂളിന് അഭിമാനമായത്. രാജ്യത്താകെ യോഗ്യതനേടിയ 836 പേരുടെ പട്ടികയിലാണ് ഈ മലയാളി മിടുക്കി 63ാം റാങ്ക് സ്വന്തമാക്കിയത്. എൽ.കെ.ജി മുതൽ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയായിരുന്ന ദീന ദമ്മാം ദഹ്റാനിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഫിസിക്സ് ഫാക്കൽറ്റി ദസ്തഗീറിെൻറയും ഷർമി ദസ്തഗീറിെൻറയും മൂത്ത മകളാണ്.
2010ൽ 10ാം ക്ലാസിലും 2012ൽ പ്ലസ്ടുവിനും ദമ്മാം സ്കൂളിൽനിന്ന് മികച്ച വിജയംനേടിയ ദീനയുടെ വാർത്ത മുമ്പ് 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം എൽ.ബി.എസിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് കഴിഞ്ഞശേഷമാണ് ദീന ദസ്തഗീർ തെൻറ ഐ.എ.എസ് മോഹത്തിനായി പരിശ്രമിച്ചത്. എൻജിനീയറിങ്ങിൽ ഉന്നത മാർക്കോടെ വിജയിച്ച ദീനയെ മൾട്ടിനാഷനൽ കമ്പനികൾ ജോലി വാഗ്ദാനവുമായി സമീപിച്ചിരുന്നു. എന്നാൽ, ഐ.എ.എസ് നേടാനുള്ള മോഹത്തിന് മുന്നിൽ ജോലിവാഗ്ദാനങ്ങളെ അവഗണിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ദീന സിവിൽ സർവിസ് കടമ്പ മറികടന്നത്. പിതാവ് ദസ്തഗീർ അവധിക്കുശേഷം തിരികെ സൗദിയിലേക്കുള്ള യാത്രക്കിടയിൽ ദുബൈയിലാണുള്ളത്.
ഇംഗ്ലീഷ് അധ്യാപകനായ പ്രഫ. ഹസൻ കണ്ണാണ് ദീനയുടെ മനസ്സിൽ സിവിൽ സർവിസ് മോഹം പാകിയതെന്ന് ദസ്തഗീർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ജനറൽ കാറ്റഗറിയിൽ തന്നെയാണ് ദീന 63ാം റാങ്ക് നേടിയത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ തന്നെ ചേരാനാണ് ദീനയുടെ താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമ്മാം ഇൻറർനാഷനൽ സ്കൂളിലെ 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ സിവിൽ സർവിസ് പരീക്ഷയിൽ വിജയം നേടുന്നത്. സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടുന്ന ഗൾഫിലെ കുട്ടികൾ പൊതു മത്സരപരീക്ഷകളിൽ പരാജയപ്പെടുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയാണ് ദീന ദസ്തഗീറിെൻറ ഈ മിന്നുംവിജയം. സഹോദരൻ ഫഹീം ദസ്തഗീർ എൻജിനീയറിങ് കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശയാത്രക്കുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.