ഹൈദരലി തങ്ങളുടെ ഓർമയിൽ ദമ്മാം മലയാളികൾ


ദമ്മാം: കേരള രാഷ്ട്രീയ മണ്ഡലത്തിലെ സൗമ്യ സാന്നിധ്യം ഹൈദരലി ശിഹാബ് തങ്ങൾ വിടപറയുമ്പോൾ കണ്ണീരണിഞ്ഞുനിൽക്കുകയാണ് ദമ്മാമിലെ കെ.എം.സി.സി പ്രവർത്തകർ. രണ്ടു തവണ മാത്രമേ ദമ്മാമിൽ തങ്ങൾ എത്തിയിട്ടുള്ളൂവെങ്കിലും പലർക്കും ഒരു ജന്മത്തിന്‍റെ സ്നേഹം നൽകിയാണ് അന്നദ്ദേഹം മടങ്ങിയത്.

മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെത്തുടർന്ന് പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഉടനെയായിരുന്നു ആദ്യ സന്ദർശനം. പി.കെ. കുഞ്ഞാലിക്കുട്ടിയും അബ്ദുൽ വഹാബും എം.കെ. മുനീറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ദമ്മാമിന്‍റെ പ്രവാസ ചരിത്രത്തിൽ അതുവരെയുണ്ടാവാത്ത ജനക്കൂട്ടമാണ് അന്ന് അദ്ദേഹത്തെ കാണാനും വരവേൽക്കാനും അവിടെ ഒത്തുകൂടിയത്. 'എനിക്ക് സാധാരണ പ്രവർത്തകരെയാണ് കാണേണ്ടത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ആവശ്യം. ദമ്മാം നഗരമധ്യമായ 'ടയോട്ട'യിലെ ഫിഷ് മാർക്കറ്റിലെത്തിയ അദ്ദേഹം ഏറെനേരമാണ് അവിടെ തടിച്ചുകൂടിയ പ്രവർത്തകരോടൊപ്പം ചെലവഴിച്ചത്.

എന്നിട്ടും അവസരം കിട്ടാത്ത സാധാരണ പ്രവർത്തകർക്കായി 'പൂനിലാവിൻ ചാരെ' എന്ന പരിപാടിതന്നെ കെ.എം.സി.സി ഒരുക്കി. നിരവധി പ്രവർത്തകർക്ക് തങ്ങളോട് വർത്തമാനം പറയാനും ഓർമകൾ പങ്കുവെക്കാനുമുള്ള വേദിയായി ആ പരിപാടി മാറി. ഏറ്റവും കൂടുതൽ നേരം അദ്ദേഹം ചെലവഴിച്ച പരിപാടികൂടിയായിരുന്നു അത്.

തന്‍റെ കൗമാരകാലം മുതലേ ആത്മബന്ധം സൂക്ഷിച്ച നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് കെ.എം.സി.സിയുടെ മുതിർന്ന നേതാവ് മാലിക് മഖ്ബൂൽ പറഞ്ഞു. തന്‍റെ സ്വദേശമായ വേങ്ങരയിൽനിന്ന് പാണക്കാട്ടേക്കുള്ള ദൂരം വളരെ കുറവായിരുന്നു. അന്ന് ശിഹാബ് തങ്ങളെ കാണാനെത്തുമ്പോൾ തിരക്കൊഴിയാൻ കാത്തുനിൽക്കുന്നതിനിടെ ഹൈദരലി തങ്ങളുടെ സഹായിയായി മാറും.

അന്നു തുടങ്ങിയ ബന്ധം മരണംവരെ കാത്തുസൂക്ഷിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വമേറ്റെടുത്തതിനു ശേഷമുള്ള സന്ദർശനങ്ങളിലെല്ലാം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു ചോദിച്ചിരുന്നതെന്ന് മാലിക് ഓർക്കുന്നു. ഒരു മനുഷ്യന് എത്രത്തോളം ക്ഷമയും സ്നേഹവും ഉള്ളവനാകാമെന്നതിന്‍റെ പ്രതീകമായിരുന്നു തങ്ങളെന്ന് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ പറഞ്ഞു. എവിടേക്ക് യാത്ര ചെയ്താലും ആ പ്രദേശങ്ങളിലുള്ള പ്രായമായ മുൻകാല പ്രവർത്തകരെ സന്ദർശിക്കാനും ആശ്വസിപ്പിക്കാനും തങ്ങൾ സമയം കണ്ടെത്തിയിരുന്നു.

വീണ്ടും സൗദിയിലേക്കുള്ള സന്ദർശനത്തിന് തയാറെടുക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചത്. ഇനിയൊരിക്കലും തങ്ങൾ ദമ്മാമിലേക്ക് വരില്ലെന്ന യാഥാർഥ്യമാണ് കെ.എം.സി.സി പ്രവർത്തകരെ വേദനിപ്പിക്കുന്നത്. കെ.എം.സി.സി ദമ്മാമിൽ സംഘടിപ്പിച്ച മയ്യിത്ത് നമസ്കാരത്തിലും പ്രാർഥനയിലും വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു.

Tags:    
News Summary - Dammam Malayalees in the memory of Sayed Hyderali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.