ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന റഷീദ് ഇയ്യാലിെൻറ കുടുംബത്തിന് മരണാനന്തര സഹായമായി ആറു ലക്ഷം രൂപയുടെ ചെക്ക് കെ.പി.സി.സി മുൻ പ്രസിഡൻറ് രമേശ് ചെന്നിത്തല തൃശൂർ ഇയ്യാലിലെ ഭവനത്തിലെത്തി കുടുംബത്തിന് കൈമാറി. റഷീദ് ഇയ്യാലിെൻറ ആകസ്മിക നിര്യാണത്തെത്തുടർന്ന് നിരാലംബരായ കുടുംബത്തിനെ സഹായിക്കണമെന്ന റീജനൽ കമ്മിറ്റിയുടെ അഭ്യർഥന പ്രകാരം ദമ്മാം ഒ.ഐ.സി.സിയുടെ വിവിധ ജില്ല - ഏരിയ - വനിത - യൂത്ത് വിങ് കമ്മിറ്റികൾ നൽകിയ തുകയാണ് കഴിഞ്ഞ ദിവസം റഷീദ് ഇയ്യാലിെൻറ കുടുംബത്തിന് എത്തിച്ചത്. നാട്ടിൽ കോൺഗ്രസിെൻറ പ്രവർത്തനങ്ങളിലും പ്രവാസലോകത്ത് ഒ.ഐ.സി.സിയുടെ സംഘടന പ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്ന റഷീദ് ഇയ്യാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ തൽപരനായിരുന്നു.
കുടുംബത്തിെൻറ ഏക അത്താണിയായിരുന്ന റഷീദ് ഇയ്യാലിെൻറ വേർപാടിനെത്തുടർന്ന് മുന്നോട്ടുള്ള ജീവിതത്തിനുമുന്നിൽ പകച്ചുനിൽക്കുന്ന ഭാര്യയുടെയും മക്കളുടെയും ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രസ്ഥാനം കൂടെയുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് രമേശ് ചെന്നിത്തല അവിടെനിന്നും മടങ്ങിയത്. കെ.പി.സി.സി സെക്രട്ടറിമാരായ ഷാജി കൊടങ്ങത്ത്, പ്രസാദ്, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി, ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു, കടങ്ങോട് മണ്ഡലം പ്രസിഡൻറ് പി.സി. ഗോപാലകൃഷ്ണൻ, ഇഴവന്തുരുത്തി മണ്ഡലം പ്രസിഡൻറ് നബീൽ നെയ്തല്ലൂർ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് അഡ്വ. ജെനീഷ്, പറവൂർ നഗരസഭ കൗൺസിലർ അബ്ദുൽ സലാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ, ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, സൈഹാത്ത് ഏരിയ കമ്മിറ്റി മുൻ പ്രസിഡൻറ് എസ്.എം. സാദിഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.