ദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ എ.സി പ്രവർത്തിക്കാത്തത് ഉൾപ്പെടെ കുട്ടികൾ നേരിടുന്ന ഗുരുതരപ്രശ്നങ്ങൾക്ക് പരിഹാരം തേടി മലയാളി രക്ഷാകർതൃസമിതി ‘ഡിസ്പാക് കേരള’യുടെ പ്രതിനിധികൾ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി മുഹമ്മദ് ഷെബീറുമായി കൂടിക്കാഴ്ച നടത്തി. നജിം ബഷീർ, താജു അയ്യാരിൽ, അസ്ലം ഫറോക്ക്, ആസിഫ് താനൂർ, തോമസ് തൈപ്പറമ്പിൽ എന്നിവരടങ്ങിയ സംഘം സ്കൂളിൽ എ.സി പ്രവർത്തിക്കാത്തതിനെത്തുടർന്ന് കടുത്ത ചൂടിൽ ക്ലാസുകൾ നടത്താൻ കഴിയാത്തതിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.
20 വർഷം പഴക്കമുള്ള എ.സി യൂനിറ്റുകൾ മാറ്റിസ്ഥാപിക്കാതെ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നും അവർ വിശദീകരിച്ചു. ഈ രീതിയിൽ സ്കൂളിൽനിന്നും വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മെയിൻറനൻസ് കരാറിനുള്ള അപേക്ഷയാണ് ലഭിച്ചതെന്നും അത് അപ്പോൾ തന്നെ അനുവദിച്ചതായും മുഹമ്മദ് ഷെബീർ അറിയിച്ചു. സ്കൂൾ ഭരണസമിതി, ഹയർബോർഡ് വഴി എ.സി മാറ്റിസ്ഥാപിക്കാനുള്ള അപേക്ഷ നൽകിയാൽ സ്കൂളിന്റെ റിസർവ് ഫണ്ടിൽനിന്നും എത്രയും വേഗം അതിലേക്കുള്ള അനുമതി ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പ്രതിനിധികൾക്ക് ഉറപ്പുനൽകി. നിലവിൽ സ്കൂളിലുള്ള ട്രാൻസ്പോർട്ടേഷൻ സംവിധാനത്തിന്റെ പോരായ്മകൾ, ഉയർന്ന ചെലവ് എന്നിവ ബോധ്യപ്പെടുത്തിയപ്പോൾ പുറംകരാർ നൽകിയിരിക്കുന്നതിനാൽ നിലവിൽ എന്തെങ്കിലും ഇളവുകൾ നേടാൻ ഇടപെടുന്നതിന് എംബസിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്കൂളിന്റെ പഠനനിലവാരം ഉയർത്താനായി അധ്യാപക, അനധ്യാപക ജീവനക്കാരുടെ പെർഫോമൻസ് ഇവാലുവേഷൻ നടപ്പാക്കുകയും നിലവിലെ അധ്യാപക, വിദ്യാർഥി അനുപാതം കുറക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുന്നതിലൂടെ മാത്രമെ അധ്യാപകരുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ കഴിയൂ എന്നും അക്കാര്യത്തിൽ എംബസിയുടെ ഇടപെടൽ ആവശ്യമാണെന്നും പ്രതിനിധികൾ അറിയിച്ചു.
കഴിഞ്ഞ കാലയളവുകളിലെ സ്കൂൾ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് സേവന വേതന പരിഷ്കരണം, പുതിയ അധ്യാപക നിയമനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ നടത്തുമെന്നും സെക്കൻഡ് സെക്രട്ടറി ഉറപ്പു നൽകിയതായി പ്രതിനിധി സംഘം പറഞ്ഞു. കൂടാതെ സ്കൂളിലെ കാൻറീൻ സംവിധാനം, പുസ്തക വിതരണം, സമാന്തര ഗതാഗതസൗകര്യം തുടങ്ങിയവ രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ മെച്ചപ്പെടുത്താനും നടപ്പാക്കാനും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.