ദമ്മാം: ഏഴുവർഷം മുമ്പ് മൂന്നുമലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. മുഖ്യ പ്രതികളായ യൂസുഫ് ജാസിം ഹസൻ മുതവ്വ, അമ്മാർ യുസ്റാ അലി അൽ ദഹീം, മുൻതദാ ബിൻ ഹാഷിം ബിൻ മുഹമ്മദ് മൂസ എന്നിവരുടെ വധശിക്ഷ കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ് ജയിൽ പരിസരത്ത് തിങ്കൾ രാവിലെയാണ് നടപ്പാക്കിയത്.
കൊല്ലം ശാസ്താംകോട്ട അരികിലിയത്ത് വിളത്തറ വീട്ടിൽ ഷാജഹാൻ അബൂബക്കർ, തിരുവനന്തപുരം, കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കൊല്ലം കണ്ണനല്ലൂർ സ്വശേി ശൈഖ് ദാവുദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി അസ്ഹർ ഹുസൈൻ, വില്ലുക്കുറി കൽക്കുളം ഫാത്തിമ സ്ട്രീറ്റ് ലാസർ എന്നിവരാണ് ജീവനോടെ കുഴിച്ചുമൂടപ്പെട്ടത്. 2011 ലാണ് സംഭവം. അഞ്ചുപേരെ കാണാതായി നാലു വർഷങ്ങൾക്ക് ശേഷമാണ് കേസിലേക്ക് നയിച്ച തെളിവുകൾ കിട്ടിയത്. ഏറെ നാൾ ഉപയോഗ്യ ശൂന്യമായിക്കിടന്ന ഒരു കൃഷിയിടം സ്വദേശി പാട്ടത്തിനെടുക്കുകയും വെള്ളമെത്തിക്കാൻ ജെ.സി.ബി ഉപയോഗിച്ച് കുഴിക്കുകയും ചെയ്യുന്നതിനിടെ മൃതദേഹത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മുമ്പ് കാണാതായ ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് ഇതെന്ന് തിരിച്ചറിയുന്നത്.
വധിക്കപ്പെട്ട പ്രതികളുമായി ചേർന്ന് ഇന്ത്യക്കാർ മദ്യ നിർമാണവും, വിൽപനയും നടത്തിയിരുന്നു. ഇതിനിടയിലുണ്ടായ കശപിശയും, പ്രതികളിലൊരാളുടെ മകളെ ഇന്ത്യക്കാരിലൊരാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. തട്ടികൊണ്ടുപോയി കൈയ്യും കാലും വരിഞ്ഞുകെട്ടി തൂക്കിയിട്ട നിലയിൽ രണ്ട് ദിവസത്തോളം പീഢിപ്പിച്ചതിനുശേഷമാണ് ജീവനോടെ കുഴിച്ചുമൂടുന്നത്. മയക്കുമരുന്ന് ലഹരിയിലാണ് പ്രതികൾ കൃത്യം നിർവഹിച്ചത്.
പലരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന ഇന്ത്യക്കാർ അതിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ടതായിരിക്കും എന്നതാണ് അടുത്ത സുഹൃത്തുക്കൾ പോലും ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകയായിരുന്നു. അന്വേഷണം ഏതാണ്ട് നിലച്ച ഘട്ടത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയത്.
ഇതിൽ സലീമിെൻറ കൈയിലുണ്ടായിരുന്ന മോതിരത്തിൽ കൊത്തിയിരുന്ന ഭാര്യയുടെ പേരും, നശിക്കാതെ ലഭിച്ച ഇഖാമകളുമാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണന്ന് തെളിയിക്കാൻ സഹായിച്ചത്. പിന്നീട് ഡി.എൻ.എ പരിശോധനയിലൂെട മരിച്ചത് ഇവർ തന്നെയാണന്ന് സ്ഥിരീകരിച്ചു. മലയാളികൾ ഉൾപെടെ നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് പ്രതികളെ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.