ദമ്മാം: വെള്ളിയാഴ്ച ജുമുഅ നമസ്കാരമൊഴികെയുള്ള പ്രാർഥനാസമയങ്ങളിൽ വാണിജ്യസ്ഥാപനങ്ങളും കടകളും അടക്കാൻ നിർബന്ധിക്കരുതെന്ന നിർദേശത്തെ സൗദി ശൂറ കൗൺസിൽ തിങ്കളാഴ്ച േവാട്ടിനിടും. ഇസ്ലാമിക്, ജുഡീഷ്യൽ അഫയേഴ്സ് കമ്മിറ്റിയുടെ അധിക ശിപാർശയായാണ് ഈ നിർദേശം സമർപ്പിച്ചത്.
ശൂറ അംഗങ്ങളായ അതാ അൽസുബൈദി, ഡോ. ഫൈസൽ അൽഫാദൽ, ഡോ. ലത്തീഫ അൽഷാലൻ, ഡോ. ലത്തീഫ അൽ അബ്ദുൽ കരീം എന്നിവരാണ് ശിപാർശ സമർപ്പിച്ചത്. ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ച്, ഗ്യാസ് സ്റ്റേഷനുകളും ഫാർമസികളും ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളെ വെള്ളിയാഴ്ച ഒഴികെയുള്ള ദൈനംദിന പ്രാർഥനാസമയങ്ങളിൽ അടയ്ക്കാൻ നിർബന്ധിക്കരുതെന്നാണ് മന്ത്രാലയത്തോട് നിർദേശിച്ചിട്ടുള്ളത്. നിരവധി തെളിവുകളുടെയും ന്യായീകരണങ്ങളുടെയും പിൻബലത്തോടെയാണ് നിർദേശം സമർപ്പിച്ചിട്ടുള്ളത്. അറബ്, ഇസ്ലാമിക ലോകത്തെ മറ്റേതൊരു രാജ്യത്തും നിലവിലില്ലാത്ത ഇത് സൗദിയിൽ മാത്രമാണുള്ളത്. ഒരു അപൂർവ സമ്പ്രദായമായി ഏതാനും പതിറ്റാണ്ടുകളായി പ്രാർഥനാസമയങ്ങളിൽ കടകൾ അടയ്ക്കുന്നത് സൗദിയിൽ നിലവിലുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ പൊതുജന സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. മറ്റ് സർക്കാർ, സ്വകാര്യ മേഖലകളെപ്പോലെ ഉപജീവനമാർഗം തേടുന്നവരാണിവർ.
പ്രവാചകെൻറ കാലത്തോ ഖലീഫമാരുടെ കാലഘട്ടത്തിലോ പ്രാർഥനാസമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല എന്നും വിഷയം ഉന്നയിച്ച ശൂറ അംഗങ്ങൾ വ്യക്തമാക്കി. പ്രശസ്തരായ എല്ലാ മുതിർന്ന ഇമാമുകളും ഇസ്ലാമിക ചിന്താഗതിയിലെ പണ്ഡിതന്മാരും പ്രാർഥനാസമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് ഒരു മതശാസനകളും പ്രഖ്യാപിച്ചിട്ടില്ല.
എല്ലാ ഇസ്ലാമിക രാജ്യങ്ങളും ജനങ്ങളുടെ താൽപര്യങ്ങൾ തകർക്കാൻ തങ്ങളുടെ പൗരന്മാരെയോ അതിൽ താമസിക്കുന്ന മുസ്ലിംകളെയോ ബാധ്യസ്ഥരാക്കുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. പ്രാർഥനാ സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കുന്നത് ബിസിനസുകാരുടെയും വ്യാപാരികളുടെയും താൽപര്യങ്ങൾക്ക് ഹാനികരമാകുന്നതിനൊപ്പം യാത്രക്കാർ, രോഗികൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളുള്ള ചില പൗരന്മാർക്കും താമസക്കാർക്കും അസൗകര്യമുണ്ടാക്കുമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.