ദമ്മാം: ഒട്ടകക്കൂട്ടത്തോടൊപ്പം മരുഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ യുവാവ് സാമൂഹികപ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു. ഉത്തർപ്രദേശിലെ മാവു ജില്ലയിൽനിന്നുള്ള ദീപക് സെയ്നാണ് (27) കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയത്. 95,000 രൂപകൊടുത്താണ് സൗദിയിലെ കമ്പനിയിലേക്ക് എന്ന ഏജൻറിന്റെ വാഗ്ദാനം വിശ്വസിച്ച് ദീപക് വിസ വാങ്ങിയത്.
ഏജൻറ് എത്തിച്ചത് ദുബൈയിൽ. അവിടെനിന്ന് ബസിൽ റിയാദിലെ ബത്ഹയിലെത്തിയ ദീപകിനെ സ്പോൺസർ കൂട്ടിക്കൊണ്ടുപോയത് മരുഭൂമിയിലെ നൂറുകണക്കിന് ഒട്ടകങ്ങളുള്ള തോട്ടത്തിലേക്കായിരുന്നു.
കടുത്ത ചൂടിൽ കൃത്യമായ ഭക്ഷണംപോലും ലഭിക്കാതെ മരുഭൂമിയിൽ ജീവിക്കാൻ വിധിക്കപ്പെടുകയായിരുന്നു ദീപക്. നാട്ടിൽ ബന്ധപ്പെടാൻ വഴികളൊന്നുമുണ്ടായിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞുപോകുന്നതുപോലുമറിഞ്ഞില്ല.
വല്ലപ്പോഴും ഒട്ടകങ്ങൾക്ക് പുല്ലും വെള്ളവുമായി എത്തുന്ന ബംഗാളികൾ മാത്രമാണ് ആകെ കാണുന്ന മനുഷ്യർ. ഉണങ്ങിപ്പോയ ഖുബ്സ് വെള്ളത്തിൽ കുതിർത്ത് കഴിച്ചാണ് ജീവൻ നിലനിർത്തിയത്. കടുത്ത ചൂടിൽ ഒട്ടകങ്ങൾ പോകുന്നിടങ്ങളിൽ അലഞ്ഞുതിരിഞ്ഞു. പലപ്പോഴും ഒട്ടകങ്ങളെ തോട്ടത്തിലേക്ക് തിരിച്ചെത്തിക്കുന്നത് കഠിനമായി പ്രയാസപ്പെട്ടായിരുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് ആശ്വാസത്തിനായി ഒരു തണൽ തിരഞ്ഞ് താൻ മരുഭൂമിയിൽ നിലവിളിച്ച് അലഞ്ഞിട്ടുണ്ടെന്ന് ദീപക് പറഞ്ഞു. മാസങ്ങൾ ജോലിചെയ്തിട്ടും ശമ്പളമൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല, വല്ലപ്പോഴുമെത്തുന്ന സ്പോൺസർ ഇതിനെക്കുറിച്ച് സംസാരിക്കാൻപോലും അനുവദിച്ചില്ല. ദീപക്കിനെ കാണാനില്ലെന്ന പരാതിയുമായി അമ്മ അയോധ സെയിൻ പൊലീസിൽ പരാതി നൽകിയിരുന്നു. ദീപക്കിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് വെള്ളവുമായി എത്തിയ ബംഗ്ലാദേശി പൗരനാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചത്. വെള്ളടാങ്കിന്റെ ഉള്ളിൽ കയറ്റി ഇയാളെ റോഡിലെത്തിച്ചു.
അവിടെനിന്നു ദമ്മാമിലെ ഇന്ത്യൻ എംബസിയുടെ സേവനകേന്ദ്രത്തിലെത്തിയ ദീപക് ഇന്ത്യൻ എംബസി അറ്റാഷെ പങ്കജിന്റെ സഹായം തേടി. അദ്ദേഹം ദീപക്കിനെ സാമൂഹികപ്രവർത്തകൻ നാസ് വക്കത്തിനെ ഏൽപിച്ചു.
സ്വന്തം താമസസ്ഥലത്ത് കൊണ്ടുവന്ന നാസ്, ദീപക്കിന് ഭക്ഷണവും താമസവും നൽകിയതിനൊപ്പം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു. എന്നാൽ, തൊഴിലുടമ തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് ജവാസത്തിൽ പരാതിപ്പെട്ട് ദീപക്കിനെ 'ഹുറൂബ്' കുരുക്കിലാക്കി.
തുടർന്ന് നാടുകടത്തൽ കേന്ദ്രം വഴി എക്സിറ്റ് ലഭ്യമാക്കുകയായിരുന്നു. കഴിഞ്ഞദിവസം ദീപക് നാട്ടിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.