ജിദ്ദ: ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിൽ യു.എൻ രക്ഷാകൗൺസിലിന്റെ പരാജയം നിരാശജനകമാണെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വ്യക്തമാക്കി. നിർണായക വെടിനിർത്തൽ പ്രമേയത്തിന് അനുകൂലമായി സ്ഥിരാംഗങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിലുള്ള അതൃപ്തിയും പ്രതിഷേധവും സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പ്രകടിപ്പിച്ചു. ഈ പരാജയം അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിലും നിരപരാധികളായ സിവിലിയന്മാരെ സംരക്ഷിക്കുന്നതിലും വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരെ തുടർച്ചയായ ഇസ്രായേലി ആക്രമണത്തിന്റെ ഫലമായി വഷളാവുന്ന മാനുഷിക ദുരന്തത്തിന് അറുതി വരുത്തുന്നതിലും രക്ഷാകൗൺസിലിന് ഒന്നും കഴിയാതെ വന്നിരിക്കുകയാണ്. ഈ നിർണായക ഘട്ടത്തിൽ യു.എൻ സുരക്ഷ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടത് ഇസ്രായേലി അധിനിവേശം തുടരാനും ഫലസ്തീൻ ജനതക്കെതിരായ ആക്രമണം വർധിപ്പിക്കാനും അവസരമൊരുക്കലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.എൻ രക്ഷാകൗൺസിലിലെ കരട് പ്രമേയത്തെ പിന്തുണച്ച എല്ലാ രാജ്യങ്ങളുടെയും നിലപാടുകളെ ഒ.ഐ.സി സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. ഉടനടി വെടിനിർത്തൽ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരേണ്ടതിന്റെയും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെയും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.