റിയാദ്: അത്യാഡംബര സുഖവാസത്തിനുള്ള വിനോദ സഞ്ചാര കേന്ദ്രമായി ആഗോള ശ്രദ്ധയാകർഷിക്കാൻ സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്ത് ‘അമാല’ വരുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ് ഫണ്ടാണ് (പി.െഎ.എഫ്) മധ്യപൂർവേഷ്യയുടെ തന്നെ അത്യാഡംബര കടൽത്തീര റിസോർട്ടായി അടയാളപ്പെടാനിടയുള്ള പദ്ധതി പ്രഖ്യാപിച്ചത്. ശാരീരിക സൗഖ്യത്തിനും സുഖവാസത്തിനും ധ്യാനത്തിനും കലാകായിക സാംസ്കാരിക പരിപാടികളുടെ ആസ്വാദനത്തിനും വേണ്ടിയുള്ള സൗകര്യങ്ങൾ കോർത്തിണക്കുന്ന റിസോർട്ടുകൾ അത്യാഡംബര ജീവിത രീതിക്ക് അനുയോജ്യമായ വിനോദ സഞ്ചാര അനുഭവമായിരിക്കും സമ്മാനിക്കുക. പൂർത്തിയായികഴിഞ്ഞാൽ ‘അമാല’ ഇൗ രംഗത്ത് ആഗോള ശ്രദ്ധ തന്നെ പിടിക്കുമെന്നാണ് കരുതുന്നത്. പ്രതിവർഷം 25 ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ സ്വപ്ന നഗര പദ്ധതി ‘നിേയാമി’ന് സമീപം അമീർ മുഹമ്മദ് ബിൻ സൽമാൻ സംരക്ഷിത മേഖലയിലാണ് അമാല റിസോർട്ട് പദ്ധതിക്ക് സ്ഥലം ഒരുങ്ങുന്നത്. 3,800 ചതുരശ്ര കിലോമീറ്ററാണ് പദ്ധതിയുടെ മൊത്തം വിസ്തൃതി. പദ്ധതി നിർമാണം പുരോഗമിക്കുന്നത് അനുസരിച്ച് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ക്ഷണിക്കും. ഒാഹരികളും നിക്ഷേപക പാക്കേജുകളും പ്രഖ്യാപിക്കും. വിനോദ സഞ്ചാരത്തിെൻറ വൈവിധ്യവത്കരണവും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പദ്ധതി ലക്ഷ്യങ്ങളാണ്. 22,000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. അത്യാഡംബര ടൂറിസം റിസോർട്ട് രംഗത്ത് ഏറെ പരിചയസമ്പന്നനായ നികോളാസ് നേപ്പിൾസാണ് പദ്ധതിയുടെ സി.ഇ.ഒ എന്നും പി.െഎ.എഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആഡംബര ഹോട്ടലുകൾ, വില്ലകൾ, നാടൻ ഭക്ഷണശാലകളും മറ്റുമുള്ള ഗ്രാമീണ അങ്ങാടി, കലാകായിക വേദികൾ, ആർട്സ് അക്കാദമി, ഗാലറികൾ എന്നിവയെല്ലാം ഇൗ ബൃഹദ് കടൽത്തീര വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർമിക്കും. 2,500 മുറികളാണ് ആഡംബര ഹോട്ടലുകളിൽ എല്ലാം കൂടിയുണ്ടാവുക. നാല് വലിയ ഗോൾഫ് കോഴ്സുകളുണ്ടാവും. വില്ലകളും അപ്പാർട്ടുമെൻറുകളുമായി 700 എണ്ണമുണ്ടാവും. ലോക സമ്മേളനങ്ങൾക്ക് വേദിയാക്കാൻ കഴിയുംവിധമുള്ള സജ്ജീകരണങ്ങളുണ്ടായിരിക്കും. ആഗോള സന്ദർശകരെ ആകർഷിക്കാൻ അനുയോജ്യമായ സാംസ്കാരിക പരിപാടികൾക്കും കലാപ്രകടനങ്ങൾക്കും സ്ഥിരം വേദിയുണ്ടാവും. ഒഴിവുകാല സുഖവാസ, വിനോദ സഞ്ചാര വാണിജ്യ രംഗത്തിെൻറ വികസനത്തിനും വൈവിധ്യവത്കരണത്തിനും ഒപ്പം സംസ്കാരികമേഖലയുടെ പരിപോഷണത്തിനും പരിസ്ഥിതി സന്തുലനത്തിെൻറ നിലനിൽപിനും സഹായിക്കുന്നതാവും അമാല പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.