ജിദ്ദ: നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജിദ്ദയിൽ വിവിധ പ്രദേശങ്ങളിലെ ചേരികൾ നീക്കം ചെയ്യുന്നതിനുള്ള സമയക്രമവും നിർവഹണ പദ്ധതിയും നഗരസഭ പുറത്തുവിട്ടു. ജിദ്ദ നഗരസഭയുടെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. ജിദ്ദയിൽ നീക്കം ചെയ്യേണ്ട പ്രദേശങ്ങളുടെ പേരുകൾ, ആ സ്ഥലങ്ങളിലെ താമസക്കാർക്ക് അറിയിപ്പ് നൽകുന്ന തീയതി, പൊളിച്ചുനീക്കുന്ന പ്രദേശങ്ങളിലേക്കുള്ള ഇലക്ട്രിസിറ്റി തുടങ്ങിയ സേവനങ്ങൾ വിച്ഛേദിക്കുന്ന തീയതി, കെട്ടിടങ്ങളും മറ്റും പൊളിക്കാൻ ആരംഭിക്കുന്ന തീയതി, പൊളിക്കൽ അവസാനിപ്പിക്കുന്ന തീയതി, പൊളിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലിയുടെ പൂർത്തീകരണ തീയതി എന്നിവയാണ് ക്രമപ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജിദ്ദ നഗരസഭയിൽ ആദ്യഘട്ടത്തിൽ 26 പ്രദേശങ്ങളിൽ നിന്നായി മൊത്തം ഒരു കോടി 85 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ചേരികളാണ് പൊളിച്ചുനീക്കുന്നത്. ഇതിൽ ഗുലൈൽ, പെട്രോമിൻ, ഖുറയ്യാത്ത്, നുസ്‌ല യമാനി തുടങ്ങിയ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ പൂർത്തിയായി. ബലദ്, അമ്മാരിയ, കന്ദറ തുടങ്ങിയ പ്രദേശങ്ങളിൽ പൊളിക്കുന്ന നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു. ഹിന്ദാവിയ, ബാഗ്ദാദിയ, ഷറഫിയ തുടങ്ങിയ പ്രദേശങ്ങളിലെ പൊളിക്കുന്ന കെട്ടിടങ്ങളിൽ മാർക്ക് ഇടുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്. ഈ മാസം 19 ന് ഈ പ്രദേശങ്ങളിലേക്കുള്ള ഇലക്ട്രിസിറ്റി സേവനങ്ങൾ റദ്ദാക്കും. 26 മുതൽ കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിക്കുകയും മാർച്ച് എട്ടോടെ പൂർത്തിയാക്കുകയും ചെയ്യും എന്നാണ് പുറത്തുവിട്ട തീയതികൾ സൂചിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ നുസ്ഹ, ഹയ്യ് സലാമ, ബനീ മാലിക്, അൽ വുറൂദ് തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ പൊളിക്കൽ നടപടികളിലേക്ക് നീങ്ങും. മുശ്‌രിഫ, റിഹാബ്, അസീസിയ, റബ്‌വ തുടങ്ങിയ പ്രദേശങ്ങൾ റമദാൻ കഴിഞ്ഞായിരിക്കും പൊളിക്കൽ ആരംഭിക്കുക.
രണ്ടാം ഘട്ടത്തിൽ ജിദ്ദ അൽ ഐൻ അൽ അസീസിയ പദ്ധതിക്ക് കീഴിൽ കിങ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റിന്റെ ഭൂമിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ചേരിപ്രദേശങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മദാഇൻ ഫഹദ്, അൽ ജാമിഅഃ, റവാബി തുടങ്ങിയവ അടക്കം എട്ട് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശങ്ങളിൽ മൊത്തം ഒരു കോടി 39 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുക. ഈ വർഷം നവംബർ 27 ഓടെ മുഴുവൻ ചേരി പ്രദേശങ്ങളും പൊളിച്ചു നീക്കുമെന്നാണ് ജിദ്ദ നഗരസഭ പുറത്തുവിട്ട സമയക്രമം കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.