ജിദ്ദ: സൗദി അറേബ്യയിൽ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിന് തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (കൗസ്റ്റ്) ആഗോളതലത്തിൽ അറിയപ്പെടുന്ന അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനമായ പി.എ.ടി.എച്ചുമായി (പാത്ത്) ധാരണപത്രത്തിൽ ഒപ്പുവെച്ചു. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി പ്രസിഡന്റായ പ്രഫ. ടോണി ചാനും പാത്ത് പ്രസിഡന്റും സി.ഇ.ഒയുമായ നിക്കോളജ് ഗിൽബെർട്ടുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയും ആരോഗ്യ മേഖലയിലുള്ള വൈദഗ്ധ്യം പങ്കുവെക്കുകയും ചെയ്ത് പൊതുജനാരോഗ്യ മേഖലയിലെ രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനാണ് ധാരണപത്രം ലക്ഷ്യമിടുന്നത്. കരാർ പ്രകാരം, വാക്സിനുകൾ നിർമിക്കുന്നതിനും ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സർവകലാശാലയിൽ പ്രത്യേക ഗവേഷണ കേന്ദ്രം നടത്തുന്നതിനും കൗസ്റ്റിനെ സഹായിക്കുന്നതിന് പാത്ത് രംഗത്തുണ്ടാവും. ലോകത്തെമ്പാടുമുള്ള 70ലധികം രാജ്യങ്ങളിലായി വേരോട്ടമുള്ള ആഗോള ആരോഗ്യ സ്ഥാപനമായ പാത്തിന്റെ സഹകരണം കൗസ്റ്റിന് ആരോഗ്യ മേഖലയിൽ വമ്പിച്ച മുന്നേറ്റം ഉണ്ടാക്കാൻ ഫലം കിട്ടുമെന്ന് വിലയിരുത്തപ്പെടുന്നു.
ലോകത്തെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ വിജ്ഞാനത്തിന്റെ ബഹുമുഖമായ വികാസം ലക്ഷ്യമിട്ട് അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായി 2009ൽ സ്ഥാപിച്ച കൗസ്റ്റ് ഇന്ന് ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന സർവകലാശാലയിലൊന്നായി മാറിയിട്ടുണ്ട്.
നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളടക്കം ഏഴായിരത്തോളം താമസക്കാർ കൗസ്റ്റ് കാമ്പസിലുണ്ട്. ശാസ്ത്രജ്ഞന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും എൻജിനീയർമാരുടെയും പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങൾക്ക് കൗസ്റ്റ് അവസരം ഒരുക്കുന്നു. ഗവേഷണ രംഗത്ത് നൂതനമായ പല സംഭാവനകളും നൽകാൻ ഈ സർവകലാശാലക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. ശാസ്ത, സാങ്കേതിക മേഖലയിലെ വിവിധ വിഷയങ്ങളിൽ നടക്കുന്ന ഗവേഷണ രംഗത്തെ ലക്ഷ്യം കൈവരിക്കാൻ ഉതകുന്ന എല്ലാ വിഭവങ്ങളും കൗസ്റ്റ് നഗരിയിൽ സംവിധാനിച്ചിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇതിനകം വമ്പിച്ച വിപ്ലവമുണ്ടാക്കിയ ഈ സർവകലാശാല ആരോഗ്യ മേഖലയിലും വമ്പിച്ച മുന്നേറ്റം ഉണ്ടാക്കാൻ പുതിയ ധാരണപത്രത്തിൽ ഒപ്പിടുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.