റിയാദ്: ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി വെൽഫെയർ അസോസിയേഷൻ സൗദി ഘടകം (ആവാസ്) പ്രതിഷേധം രേഖപ്പെടുത്തി. ഓൺലൈനിൽ ചേർന്ന യോഗത്തിൽ സൗദിയിലെ വിവിധ മേഖലകളിലുള്ള പ്രവർത്തകർ പങ്കെടുത്തു. നാഷനൽ കൺവീനർ ഡോ. ജഹാംഗീർ അഹ്മദ് അധ്യക്ഷത വഹിച്ചു.
കെജ്രിവാളിനെതിരെയുള്ള നടപടി ജനാധിപത്യ വിരുദ്ധവും, ഇ.ഡി, സി.ബി.ഐ മുതലായ ഏജൻസികളുടെ ദുരുപയോഗവും ആണെന്ന് യോഗം വിലയിരുത്തി. നാഷനൽ സെക്രട്ടറി അസ്ലം ആലങ്ങാടൻ കേസിന് ആസ്പദമായ എക്സൈസ് പോളിസിയും പ്രിവൻഷൻ ഓഫ് മണി ലെൻഡറിങ് ആക്ട് കേന്ദ്ര സർക്കാർ എങ്ങനെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്നും വിശദീകരിച്ചു.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ അപലപിക്കുകയും ചെയ്തു. ആദ്യ പ്രതിയും പിന്നീട് 30 കോടിയുടെ ഇലക്ടറൽ ബോണ്ട് ബി.ജെ.പിക്ക് സംഭാവന ചെയ്തപ്പോൾ മാപ്പുസാക്ഷിയുമായ ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴിയാണ് കെജ്രിവാളിന്റെ അറസ്റ്റിന് ആധാരം എന്നുള്ളത് രാജ്യം നേരിടുന്ന ഭീകരതയെയാണ് കാണിക്കുന്നതെന്ന് മീഡിയ കൺവീനർ അരുൺ റാം ചൂണ്ടിക്കാട്ടി.
റിയാദ് കൺവീനർ അസീസ് കടലുണ്ടി, ജിദ്ദ കൺവീനർ അബ്ദുൽ നാസർ, ദമ്മാം സെക്രട്ടറി നബീൽ പറമ്പിൽ, എക്സി.അംഗങ്ങളായ ശിഹാബ് അരീക്കാട്, അബ്ദുല്ല കുട്ടി ബാഖവി, ഷൗക്കത്ത് വെള്ളില, ടി.പി. ഹാരിസ്, ഷഫീഖ് ഹരിപ്പാട് എന്നിവർ കെജ്രിവാളിനും ഇൻഡ്യ മുന്നണിക്കും ഈ പ്രതിസന്ധി ഘട്ടം തരണംചെയ്യാൻ എല്ലാ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനുള്ള മറുപടി നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. വരും നാളുകളിൽ ഇൻഡ്യ മുന്നണിയുമായി ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.