റിയാദ്: ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ അതിവേഗം വളരുന്ന 10 രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യയെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ടെക്നോളജി മന്ത്രി അബ്ദുല്ല അൽസവാഹ പറഞ്ഞു. റിയാദിൽ വ്യാഴാഴ്ച സമാപിച്ച ‘ലീപ് 2024’ സാേങ്കതിക സമ്മേളനത്തോടനുബന്ധിച്ച വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വമ്പൻ ബഹുരാഷ്ട്ര ടെക്നിക്കൽ കമ്പനികളുടെ സജീവ സാന്നിധ്യം ഇന്ന് രാജ്യത്തുണ്ടായിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് സാങ്കേതികരംഗത്തെ വലിയ മുന്നേറ്റമാണ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയിലാണ് ഇത് സാധ്യമാകുന്നത്.
ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ഏകദേശം രണ്ടും മൂന്നും ശതമാനത്തിൽ വളരുകയാണ്. എന്നാൽ ‘വിഷൻ 2030’ ആരംഭിച്ചതിനുശേഷം സൗദി അക്കാര്യത്തിൽ ഏകദേശം 10 ശതമാനം വളർച്ച പ്രാപിച്ചു.
അതായത് ആഗോള ശരാശരിയുടെ മൂന്ന് മടങ്ങ്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 298 ശതകോടി റിയാലിൽ നിന്ന് 460 ശതകോടി റിയാലായി ഉയർന്നെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ യുവതിയുവാക്കളിൽനിന്നും സാങ്കേതിക കേഡറുകളെ സൃഷ്ടിക്കുന്നതിൽ രാജ്യം വലിയ പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്. ഏഴ് വർഷത്തിനുള്ളിൽ തൊഴിലവസരങ്ങൾ രണ്ട് ലക്ഷത്തിൽ നിന്ന് 3,54,000 ആയി ഉയർന്നു. സ്ത്രീ ശാക്തീകരണം എല്ലാ മേഖലകളിലും സാധ്യമായി. പ്രത്യേകിച്ചും സാങ്കേതികമേഖലകളിൽ. അത് പ്രധാനപ്പെട്ട വിജയഗാഥയായി. രാജ്യത്തെ ടെക്നിക്കൽ, ഡിജിറ്റൽ വിപണിയുടെ വലുപ്പം വളർന്നിരിക്കുന്നു. ആഗോള ടെലികമ്യൂണിക്കേഷൻ വിപണികൾ ആഭ്യന്തര ഉൽപന്നത്തിന്റെ വളർച്ചക്ക് സമാന്തരമായി വളരുകയാണ്.
സൗദി ടെലികമ്യൂണിക്കേഷൻ വിപണി ഈ നിരക്കിന്റെ ഇരട്ടി വളർന്നു. സാങ്കേതികവിദ്യയുടെ വിപണി മൂന്നിരട്ടിയായി വളർന്നു. അത് ഒമ്പത് ശതമാനം വളർച്ചനിരക്കോടെ 113 ശതകോടി റിയാലിൽനിന്ന് 183 ശതകോടി റിയാൽ വരെയെത്തി. രാജ്യത്തെ ശതകോടീശ്വര കമ്പനികളുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ രണ്ടിൽനിന്ന് ആറിലേക്ക് കുതിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുന്ന രാജ്യമായി സൗദി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.