ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം’ ശീർഷകത്തിൽ ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി.
നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നിലനിർത്താനും വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കാനും സാധിക്കുമ്പോൾ മാത്രമാണ് രാജ്യത്തിന്റെ സൗന്ദര്യം നിലനിൽക്കുകയുള്ളൂവെന്ന് സെമിനാർ അഭിപ്രായപെട്ടു. രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് ഭരണഘടനയിൽ നൽകിയ സ്ഥാനം ലോകത്തിനുതന്നെ മാതൃകയാണ്.
മതത്തിന്റെ പേരിൽ തരംതിരിവ് ഉണ്ടായിക്കൂടാ. ജാതിയുടെ പേരിൽ ആരും അക്രമിക്കപ്പെടാൻ ഇടവരരുത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളെ പ്രതിരോധിക്കാൻ വിയോജിപ്പുകൾ മാറ്റിവെച്ച് എല്ലാവരും ഐക്യപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സെമിനാറിൽ പങ്കെടുത്ത യുവജന സംഘടന നേതാക്കൾ അഭിപ്രായപെട്ടു.
പുതിയ ‘ഇൻഡ്യ’ അലയൻസ് പ്രതീക്ഷയാണെന്നും അതിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമയോടെ കൈകോർക്കണമെന്നും സെമിനാർ ചൂണ്ടിക്കാട്ടി. ഫോക്കസ് കെയർ മാനേജർ ഷഫീഖ് പട്ടാമ്പി വിഷയാവതരണം നടത്തി. എ.എം. സജിത്ത് (മാധ്യമ പ്രവർത്തകൻ), ലാലു വെങ്ങൂർ (നവോദയ യൂത്ത് വിങ്), നൗഫൽ ഉള്ളാടൻ (ഫിറ്റ് ജിദ്ദ), ഉമറുൽ ഫാറൂഖ് (യൂത്ത് ഇന്ത്യ) എന്നിവർ സംസാരിച്ചു. അഷ്റഫ് മോങ്ങം ഗാനമാലപിച്ചു. ഫോക്കസ് ജിദ്ദ ഓപറേഷൻ മാനേജർ ഷറഫുദ്ദീൻ മേപ്പാടി ആമുഖഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.