വാഷിങ്ടൺ: ബോക്സിങ് ഇതിഹാസം മൈക് ടൈസണൊപ്പം ഉംറ നിർവഹിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഡി.ജെ ഖാലിദ്. റെഡ് സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഇരുവരും സൗദി അറേബ്യയിലെത്തിയത്. ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ഇരുവരുമൊന്നിച്ച് കഅ്ബയിലെത്തി ഉംറ നിർവഹിച്ചു. കഅ്ബയിൽ ഒരുമിച്ചു നിന്ന് ചടങ്ങുകൾ നിർവഹിക്കുന്നതിന്റെ വികാര നിർഭരമായ വിഡിയോയും ഡി.ജെ ട്വിറ്ററിൽ പങ്കുവെച്ചു.
''ആനന്ദക്കണ്ണീരോടെയാണ് ഞാൻ ഉംറ നിർവഹിച്ചത്. ജീവിത കാലം മുഴുവൻ മക്കയിലെത്തി അല്ലാഹുവിനോട് പ്രാർഥിക്കാനായി ആഗ്രഹിക്കുകയായിരുന്നു ഞാൻ. ലോകത്തെ മുഴുവൻ ആളുകളുടെയും സന്തോഷത്തിനും സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് ഞാൻ പ്രാർഥിച്ചത്. ദൈവം മഹാനാണ്. എന്റെ സഹോദരൻ മൈക് ടൈസണും അദ്ദേഹത്തിന്റെ പിതാവിനും ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ.''എന്നാണ് ഡി.ജെ ഖാലിദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഇഹ്റാം വേഷത്തിലാണ് ഡി.ജെ ഖാലിദ് പങ്കുവെച്ച ചിത്രത്തിലുള്ളത്. മൈക് ടൈസണും ഒപ്പമുണ്ട്. ടൈസണും അദ്ദേഹത്തിന്റെ പിതാവിനും ഒപ്പമുള്ള മറ്റൊരു ചിത്രവും ഖാലിദ് പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഖാലിദിന്റെ പോസ്റ്റിന് പ്രതികരണവുമായെത്തിയത്. ഒരുമാസം മുമ്പ് ഷാരൂഖ് ഖാനും ഉംറ നിർവഹിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.