ജിദ്ദ: സൗദിയിൽ ആഭ്യന്തര സർവിസുകൾ നടത്തുന്ന എല്ലാ വിമാനങ്ങളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് തീരുമാനം നടപ്പാക്കുക. സെപ്റ്റംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിലാവും. എന്നാൽ, വിമാനത്തിലെ മുഴുവൻ യാത്രക്കാരും കോവിഡ് വാക്സിെൻറ രണ്ട് ഡോസ് പൂർത്തിയാക്കിയവരാവണം.
12 വയസ്സിന് താഴെ പ്രായമുള്ളവർ, പ്രത്യേക രോഗങ്ങൾ കാരണം വാക്സിൻ കുത്തിവെപ്പെടുക്കുന്നതിൽനിന്ന് ഇളവ് ലഭിച്ചവർ എന്നിവരെ വാക്സിൻ എടുക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്ര, ആഭ്യന്തര വിമാനയാത്രക്കാർ സൗദി പകർച്ചവ്യാധി നിയന്ത്രണകേന്ദ്രമായ 'വിഖായ' നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോേട്ടാകോളുകളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ മുഴുവൻ ആരോഗ്യ മുൻകരുതൽ നടപടികളും യാത്രക്കാർ പാലിക്കണമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചെങ്കിലും മൂന്ന് പേർക്കിരിക്കാവുന്ന വിമാനത്തിനകത്തെ സീറ്റുകളിൽ രണ്ട് വീതം യാത്രക്കാരെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. അതാണിപ്പോൾ വീണ്ടും പഴയപടി മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.