ജിദ്ദ: സൗദിയിൽ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ ചട്ടങ്ങൾ നടപ്പാക്കി തുടങ്ങി. ഗാർഹിക തൊഴിൽ മേഖല കൂടുതൽ സുതാര്യമാക്കുന്നതിനും ആകർഷമാക്കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ ചട്ടങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. ഇതിന്റെ ഭാഗമായി വനിത വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. ഫിലിപ്പീൻസിൽ നിന്ന് റിക്രൂട്ട് ചെയ്യാനാണ് ഏറ്റവും കൂടുതൽ ചെലവ്. വാറ്റ് ഉൾപ്പെടെ ശരാശരി 14,309 റിയാൽ ഫിലപ്പീൻസിൽനിന്നുള്ള ഒരു വനിത വീട്ടുതൊഴിലാളിയെ നിയമിക്കാൻ ചെലവ് വരും. ശ്രീലങ്കയിൽനിന്ന് 13,581 റിയാലും ബംഗ്ലാദേശിൽനിന്ന് 9,003 റിയാലും റിക്രൂട്ട്മെൻറിന് ചെലവ് വരുന്നുണ്ട്. ഇതുൾപ്പെടെ ആകെ 33 രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വനിത വീട്ടുജോലിക്കാരെ കൊണ്ടുവരാം.
മാനവ വിഭവശേഷി സമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ മുസാനെദ് പ്ലാറ്റ് ഫോം വഴിയാണ് റിക്രൂട്ട്മെൻറ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം കൂടുതൽ സുതാര്യമാക്കിക്കൊണ്ടും ആകർഷകമാക്കിക്കൊണ്ടുമാണ് നിയമനം നടത്തുന്നത്. തൊഴിലാളികൾക്കനുകൂലമായി നിരവധി പുതിയ ചട്ടങ്ങളുൾപ്പെടുന്നതാണ് പുതിയ കരാർ. ഗാർഹിക തൊഴിലാളികൾക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നതും പ്രതിദിന ജോലി സമയം 10 മണിക്കൂറായി പരിമിതപ്പെടുത്തിയതും ആഴ്ചയിൽ 24 മണിക്കൂർ ശമ്പളത്തോടെയുള്ള വിശ്രമം അനുവദിച്ചതും പുതിയ പരിഷ്കാരങ്ങളിൽപെട്ടതാണ്. ജീവനക്കാരുടെ വേതനം ഡിജിറ്റൽ വാലറ്റ് വഴി വിതരണം ചെയ്യണമെന്നും കഴിഞ്ഞ ദിവസം മുസാനെദ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.