റിയാദ്: സൗദിയിൽ ഗാർഹിക തൊഴിൽവിസയിലുള്ളവർക്ക് സ്പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാൻ അനുമതി. നാല് നിശ്ചിത കാരണങ്ങളിലൊന്നുണ്ടെങ്കിൽ ലേബർ ഓഫിസുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കാം. സൗദി മാനവ വിഭവശേഷി മന്ത്രാലയം ഗാർഹികതൊഴിലാളി നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമാണിത്.
നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽദാതാവിെൻറ പേരിലേക്ക് സ്പോൺസർഷിപ്പ് മാറാൻ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനൽ എക്സിറ്റിനുള്ള അനുമതിയും. ജൂൺ 28ന് (ദുൽഖഅദ് 29) മന്ത്രാലയം പുറപ്പെടുവിച്ച 212875-ാം നമ്പർ സർക്കുലറിലാണ് ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകളെ കുറിച്ച് സൂചിപ്പിക്കുന്നത്.
1. ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന് ലേബർ ഓഫിസ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചാൽ.
2. തൊഴിലാളിയുടെ എംബസിയിൽനിന്നുള്ള കത്ത് ഹാജരാക്കിയാൽ.
3. തൊഴിലുടമ മരിച്ചാൽ. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്പോൺസർഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം)
4. തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ
കാരണം പരിശോധിച്ച് ലേബർ ഓഫിസാണ് ഫൈനൽ എക്സിറ്റിന് തൊഴിലാളിക്ക് അർഹതയുണ്ടോ എന്ന് തീരുമാനിക്കുക. അനുകൂലമായാൽ അവിടെനിന്ന് ലഭിക്കുന്ന രേഖയുമായി പാസ്പോർട്ട് (ജവാസത്ത്) ഓഫീസിനെ സമീപിച്ച് എക്സിറ്റ് നടപടികൾ പൂർത്തീകരിക്കാനാവും.
ഗാർഹികതൊഴിൽ നിയമപരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലെ വിശദാംശങ്ങൾ അറിയാൻ ജുബൈലിലെ അൽജുഐമ ഗാർഹിക തൊഴിൽ വിഭാഗം ഓഫീസറെ സമീപിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണിതെന്നും തൊഴിലാളികൾക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണെന്നും പ്രവാസി സംസ്കാരിക വേദി പ്രവർത്തകനും ഇന്ത്യൻ എംബസിക്ക് കീഴിലെ സന്നദ്ധ പ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
13 വ്യവസ്ഥകളാണ് തൊഴിലുടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴിൽദാതാവിെൻറ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റാൻ സർക്കുലറിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക വിസയിൽ സൗദിയിലുള്ള മുഴുവൻ വിദേശി പുരുഷ, വനിതാ തൊഴിലാളികൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.