റിയാദ്: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പായി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പളരീതി പരിഷ്കാരത്തിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച (ജൂലൈ ഒന്ന്) മുതലാണ് പ്രാബല്യത്തിലായത്. ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്ഫോം (മുസാനിദ്) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും കരാർപ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കുക, ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പുവരുത്തുക, ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുക എന്നിവയാണ് ഈ രീതി പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
അതോടൊപ്പം കടലാസ് പണമിടപാടുകൾ കുറക്കുക, വീട്ടുജോലിക്കാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യങ്ങളാണ്. ഈ മാസം മുതൽ സൗദിയിലേക്ക് വരുന്ന പുതിയ ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാകുക. മൊത്തം അഞ്ച് ഘട്ടങ്ങളായാണ് പരിഷ്കാരം പ്രബല്യത്തിൽ വരുക. അടുത്ത വർഷം ജനുവരി മുതലുള്ള രണ്ടാംഘട്ടത്തിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ജൂലൈയിൽ മൂന്നാം ഘട്ടത്തിൽ മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ഒക്ടോബറിൽ നാലാം ഘട്ടത്തിൽ രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും 2026 ജനുവരിയിലെ അവസാന ഘട്ടത്തിൽ മുഴുവൻ വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമാവും.
തൊഴിലുടമ കരാർപ്രകാരമുള്ള ശമ്പളമാണ് വാലറ്റ് വഴി നൽകേണ്ടതെന്ന് മുസാനിദ് വ്യക്തമാക്കി. എല്ലാ ഹിജ്റ മാസവും അവസാന തീയതിയിലാണ് ശമ്പളം നൽകേണ്ടത്. തൊഴിലാളി ശമ്പളം പണമായി പിൻവലിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അംഗീകൃത മാർഗങ്ങളിലൂടെ കൈമാറ്റം നടത്താമെന്നും പണം പിൻവലിക്കുന്നതിന് തൊഴിലാളിക്ക് ‘മദാ’ കാർഡ് നൽകാമെന്നും മുസാനിദ് വിശദീകരിച്ചു. തൊഴിലാളി / ഗാർഹിക തൊഴിലാളി വേതന സംരക്ഷണ നിർബന്ധിത വിഭാഗത്തിൽപെട്ടവരാണെങ്കിൽ അംഗീകൃത ചാനലുകൾ വഴി സേവനത്തിലൂടെ ശമ്പളം കൈമാറേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.