'ഗൾഫ് മാധ്യമ'ത്തിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ മറ്റൊരു രാജ്യത്തെ ഭരണാധികാരികൾക്ക് പരാതി കൊടുത്തുവെന്ന വാർത്ത സത്യത്തിൽ പ്രവാസികളെ ആകമാനം ഞെട്ടിക്കുന്നതാണ്. ഒരിക്കലും ഒരു മന്ത്രിയിൽനിന്നും ഇത്തരത്തിലൊരു നീക്കം ആരും പ്രതീക്ഷിച്ചതല്ല. സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ മറ്റൊരു രാജ്യത്തെ ഭരണാധികാരികൾക്ക് പരാതികൊടുത്ത് നടപടിയെടുപ്പിക്കാനുള്ള ശ്രമം എന്തിന്റെ അടിസ്ഥാനത്തിലാണ്? മറ്റൊരു രാജ്യത്ത് നമ്മുടെ പൗരന്മാർ ഓരോ വിഷയങ്ങളിൽ കുടുങ്ങിക്കിടന്നപ്പോഴും അവരുടെ കേസിന്റെ മെറിറ്റ് നോക്കാതെ നമ്മുടെ പൗരന്മാർ വിദേശത്തു ബുദ്ധിമുട്ടുമ്പോൾ അവർക്ക് തണലായി, താങ്ങായി നിൽക്കേണ്ട സംസ്ഥാനത്തിന്റെ ഒരു മന്ത്രിതന്നെ അതിനെതിരെ നിൽക്കുന്നുവെന്നത് എന്ത് വൈരാഗ്യത്തിന്റെ പേരിലായാലും എങ്ങനെയാണ് രാജ്യസ്നേഹമുള്ളവർക്ക് അംഗീകരിക്കാൻ സാധിക്കുക?
കോവിഡ് കാലത്ത് പ്രവാസികൾ വലിയരീതിയിലുള്ള ദുരിതപൂർണമായ സാഹചര്യത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. തുടക്കത്തിൽ നമ്മുടെ സർക്കാറോ ഇന്ത്യൻ മിഷനോ അത്ര ഗൗരവത്തിൽ എടുത്തിരുന്നില്ല. ദിവസവും ഓരോ പ്രവാസികൾ മരിച്ചുകൊണ്ടിരുന്ന കാലഘട്ടം, ആരോട് പറയണം, എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. പ്രവാസി സംഘടനകളും ജീവകാരുണ്യപ്രവർത്തകരും ഇല്ലായിരുന്നുവെങ്കിൽ മരണനിരക്ക് കൂടുമായിരുന്നു. മുട്ടാവുന്ന എല്ലാ വാതിലുകളും പ്രവാസികൾ മുട്ടി. അതിൽ ഒരുപരിധി വരെ പ്രവാസികൾക്ക് തുണയായി നിന്നത് പ്രവാസി മാധ്യമങ്ങളായിരുന്നു. അതിൽ മുന്നിൽ നിന്നതും നമ്മുടെ സംസ്ഥാന ഭരണകൂടത്തിന്റെ ശ്രദ്ധ പ്രവാസി വിഷയങ്ങളിലേക്ക് കൊണ്ടുവരാൻ പറ്റിയ മാർഗം 'മാധ്യമം' ദിനപത്രമായിരുന്നു. ഒരുപക്ഷേ, മാധ്യമം പത്രത്തിൽ വന്ന വാർത്തയാണ് പ്രശ്നത്തിന്റെ ഗൗരവം അധികൃതർക്ക് മനസ്സിലാക്കിക്കൊടുത്തത്. കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ചാർട്ടേഡ് വിമാനം ഏർപ്പെടുത്താനും പി.പി.ഇ കിറ്റ് വിഷയങ്ങളിലുൾപ്പെടെ അനുകൂല തീരുമാനമെടുക്കാനും സർക്കാറിനെ പ്രേരിപ്പിച്ചത്.
പ്രവാസികളുടെ യഥാർഥ അവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ 'മാധ്യമം' നടത്തിയ ശ്രമങ്ങളെ ജുഗുപ്സതയോടെ കണ്ട് അത് സംസ്ഥാന സർക്കാറിനെതിരായ നീക്കമായി വ്യാഖ്യാനിച്ച് ആ പത്രം പ്രവർത്തിക്കുന്ന രാജ്യത്തെ ഭരണാധികാരികൾക്ക് പരാതി കൊടുക്കുക എന്നുവെച്ചാൽ അത് എങ്ങനെയാണ് അംഗീകരിക്കാൻ സാധിക്കുക? പ്രവാസലോകത്തെ പത്ര, ദൃശ്യ മാധ്യമങ്ങളാണ് പ്രവാസികൾക്ക് തുണയായി നിന്നത് എന്നത് ഒരു യാഥാർഥ്യമാണ്. അതിന് മാധ്യമം ദിനപത്രം മുന്നിൽനിന്നു എന്നുള്ളതും എല്ലാവർക്കും അറിയുന്നതാണ്. നാട്ടിലെ മന്ത്രിമാർപോലും പ്രവാസ വിഷയങ്ങളിൽ ബന്ധപ്പെടുന്നത് ഇവിടത്തെ ജീവകാരുണ്യ പ്രവർത്തകരെയാണ്.
ഇതിന് സമാനതകളില്ലാത്ത പിന്തുണയാണ് 'മാധ്യമം' പോലുള്ള പത്രമാധ്യമങ്ങൾ ചെയ്യുന്നത്.
ദയവുചെയ്ത് പ്രവാസികളെ സഹായിക്കാൻ മുന്നോട്ടുവന്നില്ലെങ്കിലും അവരെയും അവർക്ക് പിന്തുണ നൽകുന്നവരെയും ഉപദ്രവിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ!.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.