യാംബു: ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് യാംബു ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ മുറാദ് അലി അൽഹർവിയെ സന്ദർശിച്ച് ചർച്ച നടത്തി. ചേംബർ ഓഫ് കോമേഴ്സ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യ, നിക്ഷേപ വിനിമയം വിഷയങ്ങൾ ചർച്ചയായി. വ്യവസായ മേഖലയിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം വികസിപ്പിക്കാനുള്ള സാധ്യതകളുമായി ബന്ധപ്പെട്ടുള്ള തുറന്ന ചർച്ചയും നടന്നു. വ്യവസായ നഗരമായ യാംബുവിൽ നിക്ഷേപത്തിനും വൻകിട പദ്ധതികൾക്കും അനന്ത സാധ്യതകൾ ഉണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
'മോഡോൺ ഒയാസിസ് പ്രോജക്റ്റ്' എന്ന പേരിലുള്ള യാംബുവിലെ പുതിയ പദ്ധതികളിലും ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചെയർമാൻ അംബസഡറെ അറിയിച്ചു. ഇലക്ട്രോണിക്സ്, മെഡിക്കൽ ഉൽപന്നങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് പുറമെ ആഭരണങ്ങളും സൗന്ദര്യ വർധക വസ്തുക്കളും ഫാഷൻ തുണിത്തരങ്ങളും ഉൾപ്പെടെ നിരവധി നിർമാണ പ്ലാൻറുകളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നതെന്നും ചെയർമാൻ അറിയിച്ചു. അംബാസഡർ യാംബുവിലെ അൽഖൊനൈനി, സാബിക് അൽജാർ ഭവന പദ്ധതി തുടങ്ങിയവ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.