ദമ്മാം: ജീവിതമാകെ നാടകത്തെ ചേർത്തുവെക്കുകയും പ്രതിഷേധജ്വാലകളായി തെരുവുനാടക സംഘത്തോടൊപ്പം കേരളമാകെ കത്തിപ്പടരുകയുംചെയ്ത ഇ.ടി. വർഗീസിന് ദമ്മാമിലെ പ്രവാസിമലയാളികളുടെ ആദരം. ഹ്രസ്വസന്ദർശനാർഥം ദമ്മാമിലെത്തിയ അദ്ദേഹത്തിന് പ്രവാസി നാടകപ്രവർത്തകർ ഒത്തുകൂടിയാണ് ആദരവ് നൽകിയത്. കേരളത്തിലെ ആദ്യ തെരുവുനാടക സംഘത്തിന്റെ സ്ഥാപകാംഗവും അഭിനേതാവും നാടകരചയിതാവും സംവിധായകനുമാണ് തൃശൂർ ചേറൂർ ഇമ്മട്ടിൽ ഇ.ടി. വർഗീസ് (70). അദ്ദേഹത്തിന്റെ നാടകാനുഭവങ്ങൾ കലാപ്രിയർക്ക് ഏറെ ആവേശം പകരുന്നവയാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഇന്ത്യ-ചൈന യുദ്ധസമയത്ത് 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന നാടകമെഴുതി സംവിധാനംചെയ്ത് മുഖ്യ വേഷമഭിനയിച്ചുകൊണ്ടാണ് വർഗീസ് നാടക ലോകത്തേക്ക് എത്തുന്നത്.
ഗാന്ധിഗ്രാം റൂറൽ യൂനിവേഴ്സിറ്റിയുടെ കീഴിൽ 100 ദിവസം നീണ്ടുനിന്ന ഇൻറർസീസ് തിയറ്റർ വർക്ക്ഷോപ്പിൽ പങ്കെടുത്തതോടെ അതുവരെയുള്ള നാടക സങ്കൽപങ്ങൾ മാറിമറിഞ്ഞു. തിരിച്ച് തൃശൂരെത്തിയ വർഗീസ് അഞ്ച് സുഹൃത്തുക്കളോടൊപ്പം കേരളത്തിലെ ആദ്യ തെരുവുനാടക സംഘത്തിലൊന്നിന് രൂപംകൊടുത്തു. 'രംഗചേതന' എന്ന ഈസംഘം ഇതുവരെ വിവിധ വിദേശരാജ്യങ്ങളിലുൾപ്പെടെ അവതരിപ്പിച്ചത് 1000ത്തിലധികം നാടകങ്ങൾ. എല്ലാറ്റിന്റെയും അമരത്ത് ഇ.ടി. വർഗീസ് ഉണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പ്, പി. ബാലചന്ദ്രൻ, ലേഡി ഗ്രിഗറി, മുത്തുസ്വാമി തുടങ്ങിയവരുടെ നിരവധി നാടകങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ആവേശമാക്കാൻ ഈ സംഘത്തിന് കഴിഞ്ഞൂ. സൈക്കിളിലാണ് സംഘം സഞ്ചരിക്കുക. ലൈഫ് ഇൻഷുറൻസ് കോർപറേഷനിലെ ജോലിക്കൊപ്പമാണ് വർഗീസ് നാടകവുമായി ഊരുചുറ്റിയത്.
ഇതിനൊപ്പം കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന പണംകൊണ്ട് കേരളത്തിൽ നാടകം വളർത്താനും ഓടിനടന്നു. ജോലിയാവശ്യാർഥം ശാസ്താംകോട്ടയിലെത്തിയതോടെ ദേവസ്വം ബോർഡ് കോളജ് അധ്യാപകനും നാടകക്കാരനുമായ ജി. ശങ്കരപ്പിള്ളയുമായി കൂടുതൽ അടുക്കാൻ സാധിച്ചു. 1982ൽ മലയാള നാടകത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 12 നാടകങ്ങൾ കേരളം മുഴുവൻ അവതരിപ്പിച്ചു. കോവിഡ് കാലത്തുപോലും നാടകം മുടക്കാതെ വീടകങ്ങളിൽ അവതരിപ്പിച്ച് രംഗചേതന നാടകത്തെ സജീവമാക്കി. അഹമ്മദ് മുസ്ലിം, ഭരത് മുരളി എന്നിവരുമായി ആദ്യകാലം തൊട്ടേയുണ്ടായിരുന്ന ബന്ധങ്ങൾ നാടകത്തെ കൂടുതൽ ജനകീയമാക്കിമാറ്റാൻ വർഗീസിനെ സഹായിച്ചു.
ജി. ശങ്കരപ്പിള്ളയുടെ ചരമവാർഷികത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 365 ദിവസവും നാടകം കളിക്കാനുള്ള തീരുമാനവും വർഗീസിന്റേതായിരുന്നു. എന്നാൽ 500 ദിവസമാണ് അത് നീണ്ടുപോയത്. തേക്കിൻകാട് മൈതാനിയിൽ നാടകം അവസാനിക്കുമ്പോൾ കേരളത്തിലെ നാടകചരിത്രത്തിൽ മഹാസംഭവമായി മാറിക്കഴിഞ്ഞിരുന്നു. തെരുവുനാടകവുമായി ഉലകംചുറ്റുമ്പോൾ പലപ്പോഴും എതിർപ്പുകളും ഭീഷണികളും നേരിടേണ്ടിവന്നു.
എന്നാൽ, അതൊന്നും വകവെക്കാതെയുള്ള പോരാട്ടമായിരുന്നു താനുൾപ്പെടെയുള്ളവരുടെ നാടകജീവിതമെന്ന് വർഗീസ് പറയുന്നു. ആലുവയിലെ തെരുവിൽ നാടകം അഭിനയിച്ചതിന് അറസ്റ്റുചെയ്യാനെത്തിയപ്പോൾ പൊലീസ് വേഷത്തിൽ നിൽക്കുന്ന വർഗീസിനെ കണ്ട് യഥാർഥ പൊലീസാണെന്നു കരുതി അമ്പരന്നു.
ഒടുവിൽ അറസ്റ്റുചെയ്യാതെ നാടകം കളിക്കാൻ പൊലീസ് കാവൽനിന്നു. ഈ കാലത്തിനിടയിൽ 14 നാടകങ്ങൾ രചിച്ചു. 32 നാടകങ്ങൾ സംവിധാനം ചെയ്തു. 15 നാടകഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 68ഓളം വിവിധ നാടകങ്ങളിൽ വേഷമിട്ടു. ആയിരത്തിലധികം തെരുവുകളിൽ നാടകം കളിച്ചു. സഫ്ദർ ഹാഷ്മിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് 1989 ജനുവരി 12ന് നടത്തിയ ദേശീയ സാംസ്കാരിക ബന്ദിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ തൃശൂർ ജില്ല കേന്ദ്ര കലാസമിതിയുടെ പ്രഥമ ജോയന്റ് സെക്രട്ടറി, ഇപ്പോൾ വൈസ് പ്രസിഡൻറ്, 'പ്രതി സംസ്കൃതി' ത്രൈമാസികയുടെ പത്രാധിപർ എന്നീ ചുമതലകൾ വഹിക്കുന്നു. 2002ൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ തിയറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയിൽനിന്നുള്ള ഏക നാടകസംഘമായ 'രംഗചേതന'യുടെ ഗ്രൂപ് ലീഡറായും പ്രവർത്തിച്ചു.
കട്ടക്കിൽ നടന്ന തിയറ്റർ ഒളിമ്പ്യാഡിൽ നാട്യഭൂഷൺ അവാർഡ് നേടി. 2006ൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ് ലഭിച്ചു. കൂടാതെ, ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ. കുട്ടികൾക്കുവേണ്ടി നാടകക്കളരിയും സംഘവും ഇപ്പോഴും കൊണ്ടുനടക്കുന്നു. ദമ്മാമിൽ ചെലവഴിക്കുമ്പോഴും നാട്ടിൽ തനിക്ക് നഷ്ടമാകുന്ന നാടകനിമിഷങ്ങളെക്കുറിച്ചായിരുന്നു വർഗീസിന് വേവലാതി. ദമ്മാമിൽ നടന്ന ചടങ്ങിൽ നാടകപ്രവർത്തകൻ ജേക്കബ് ഉതുപ്പ്, വർഗീസിന് ദമ്മാമിന്റെ ആദര ഫലകം കൈമാറി. നാടകസ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഭാര്യ കുമാരി വർഗീസാണ് ഏറ്റവും വലിയ ശക്തി. ഈവ്, റെനി, വിന്നി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.