ജിദ്ദ: ആഭ്യന്തര ഹജ്ജ് തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ഇലക്ട്രോണിക് സംവിധാനത്തിലൂടെയുള്ള നറുക്കെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് സന്ദേശങ്ങൾ അയക്കാനും ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മശാത്ത് ചടങ്ങിൽ പങ്കെടുത്തു.
നിബന്ധനകൾ പൂർത്തിയാക്കിയവരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തതെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. എസ്.എം.എസ് വഴിയോ അല്ലെങ്കിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ 'ഇഅ്തമൻന' പ്ലാറ്റ്‌ഫോം വഴിയോ നേരിട്ട് സന്ദേശങ്ങൾ അയക്കാൻ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. സന്ദേശങ്ങൾ ലഭിച്ച ശേഷം തെരഞ്ഞെടുത്തവർക്ക് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് നാമനിർദേശത്തിനുള്ള ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് മന്ത്രി 'അൽ-അർബിയ' ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പണം അടക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇലക്ട്രോണിക് സംവിധാനം വഴി നേരിട്ട് ഹജ്ജ് പെർമിറ്റ് നൽകും. എല്ലാ നിബന്ധനകളും പൂർത്തിയാക്കി പൂരിപ്പിച്ച അപേക്ഷകളുടെ എണ്ണം 2,17,000 ആണ്.
ഇലക്ട്രോണിക് പോർട്ടലിലൂടെ സമർപ്പിച്ച മൊത്തം അപേക്ഷകളുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷമാണ്. ഒന്നര ലക്ഷം തീർഥാടകരെയാണ് ഇത്തവണ ഹജ്ജിന് സൗദിയിൽനിന്ന് തെരഞ്ഞെടുക്കുന്നത്. നറുക്കെടുപ്പ് മനുഷ്യ ഇടപെടലില്ലാതെ പൂർണമായും ഇലക്ട്രോണിക് ആയാണ് നടന്നത്. യാതൊരു ഇടപെടലും കൂടാതെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം അതീവ ശ്രദ്ധചെലുത്തിയിട്ടുണ്ട്. തെരഞ്ഞെടുത്തവർക്ക് ടെക്‌സ്‌റ്റ് മെസേജുകൾ എത്താൻ ചിലപ്പോൾ കാലതാമസം നേരിട്ടേക്കാമെന്ന് മന്ത്രി സൂചിപ്പിച്ചു. തെരഞ്ഞെടുത്ത എല്ലാവർക്കും സന്ദേശം അയക്കുന്നത് മന്ത്രാലയം ഉറപ്പാക്കും. ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ബുധനാഴ്ച വൈകീട്ടോടെ വ്യക്തവും പൂർണവുമാകുമെന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.