ദമ്മാം: മയക്കുമരുന്ന്, ലഹരി ശൃംഖലകളെ ഉന്മൂലനം ചെയ്യാൻ നടപടികൾ ശക്തമാക്കി സൗദി അധികൃതർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിൽ പിടിയിലകപ്പെടുന്നവരിൽ മലയാളികളും ധാരാളം.
പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാൻ പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നത്. സംശയം തോന്നുന്നവരെ രഹസ്യമായി നിരീക്ഷിച്ച് തെളിവുകൾകണ്ടെത്തിയാണ് അറസ്റ്റ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിലും മലയാളികളിൽ ചിലർ പിടിയിലായി.
കിഴക്കൻപ്രവിശ്യയിലെ സംശയമുള്ള പ്രദേശങ്ങൾ ലക്ഷ്യംവെച്ച് അപ്രതീക്ഷിത നീക്കമാണ് ബന്ധപ്പെട്ട സുരക്ഷാവകുപ്പുകൾ നടത്തുന്നത്. സംശയം തോന്നുന്നവരുടെ വാഹനങ്ങൾ പരിശോധിക്കും. ചെറിയതോതിലാണെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയാൽ വാഹനത്തിലുണ്ടായിരുന്നവരെ മുഴുവൻ പിടികൂടി റിമാൻഡ് ചെയ്യും. ഇവർക്ക് ഇതുമായി ബന്ധമുണ്ടോ ഇല്ലേ എന്ന് എല്ലാതരത്തിലും ഉറപ്പാക്കും വിധമാണ് നടപടികൾ. അതുകൊണ്ടുതന്നെ അകപ്പെട്ടാൽ നിരപരാധിത്വം തെളിഞ്ഞ് മാത്രമേ മോചനം സാധ്യമാവുകയുള്ളു.
സൗദിയിൽ നിരോധിക്കപ്പെട്ടതോ വിതരണം നിയന്ത്രിക്കപ്പെട്ടതോ ആയ മരുന്നുകൾ കൈവശം വെക്കുന്നവരും അറസ്റ്റിലാകുന്നുണ്ട്. സൊറിയാസിസ് രോഗത്തിന് ഹോമിയോ മരുന്ന് കഴിച്ചുകൊണ്ടിരുന്ന ഒരാളേയും പൊലീസ് ഇത്തരത്തിൽ പിടികൂടിയിരുന്നു. ചെറിയ പൊതികളിൽ സൂക്ഷിച്ചിരുന്ന പൊടികളും വെളുത്ത ചെറിയ ഗുളികകളും ഇതിലെ ആൽക്കഹോളിന്റെ ഗന്ധവുമാണ് പിടിക്കപ്പെടാൻ കാരണമായതെന്ന് കരുതുന്നു.
ഇയാൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട ആരോ പൊലീസിനെ അറിയിക്കുകയായിരുന്നു. ജോലിസ്ഥുത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് മരുന്നിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഡോക്ടറുടെ സത്യവാങ്ങ്മൂലവും മുംബൈയിലെ സൗദി കോൺസുലേറ്റിൽ സമർപ്പിച്ച് അറ്റസ്റ്റ് ചെയ്ത് എത്തിച്ച രേഖകൾ ഹാജരാക്കിയ ശേഷമാണ് മോചനം സാധ്യമായത്. അപ്പോഴേക്കും നാലരമാസത്തെ ജയിൽ വാസം കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം യാത്രക്കിടയിൽ പിടികൂടിയ മലയാളിയുടെ താമസസ്ഥലത്തും പൊലീസ് പരിശോധന നടത്തിയിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് മുമ്പ് പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം കുറവായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറിയെന്ന് എംബസി വളന്റിയർമാർ പറയുന്നു.
ജയിലിലുള്ള 600 ലധികം ഇന്ത്യക്കാരിൽ പകുതിയോളം മലയാളികളാണ്. അധികവും മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ കാത്തുകഴിയുന്നവരോ ശിക്ഷ അനുഭവിക്കുന്നവരോ ആണ്. പലരും പിടികൂടപ്പെട്ടതിനുശേഷമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വിൽപനയിൽ കണ്ണികളാണെന്നോ അടുത്ത സുഹൃത്തുക്കൾ പോലും അറിയുന്നത്. സ്കുളുകൾ കേന്ദ്രീകരിച്ചും ഇത്തരം ആളുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
രാജ്യ പുരോഗതിയെത്തന്നെ പിന്നോട്ടടിക്കുന്ന ലഹരി മാഫിയകൾക്കെതിരെ സൗദി അറേബ്യ നടത്തുന്ന പോരാട്ടത്തിന് പിന്തുണ നൽകി പ്രവാസി സംഘടനകളും രംഗത്ത് വരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.