റിയാദ്: രാജ്യത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും ചെറുക്കുന്നതിനുമുള്ള തീവ്രമായ കാമ്പയിനിലൂടെ, നിരവധി മയക്കുമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും അറസ്റ്റ് ചെയ്യാനായെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
ത്വാഇഫ് ഗവർണറേറ്റിൽ നടത്തിയ സുരക്ഷ പെട്രോളിങ്ങിനിടെ കഞ്ചാവും ആംഫെറ്റാമൈനും വിറ്റതിന് രണ്ട് സ്വദേശി പൗരന്മാരെയും ഔഷധമെന്ന വ്യാജേന വിതരണം ചെയ്യാൻ ശ്രമിച്ച ലഹരി ഗുളികകളും ജീസാൻ മേഖലയിൽ നിന്ന് പൊലീസ് പിടികൂടി.
റിയാദ് മേഖലയിൽ 3.9 കിലോഗ്രാം നർകോട്ടിക് മെത്താംഫെറ്റാമൈൻ (ഷാബു) വിൽക്കാൻ ശ്രമിച്ച നാല് പാകിസ്താനി പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈൻ കടത്തിയ സ്വദേശി പൗരനെ അൽ ജൗഫ് മേഖലയിലും ഹാഷിഷ്, ആംഫെറ്റാമൈൻ എന്നീ മയക്കുമരുന്ന് പദാർഥങ്ങൾ കടത്തിയതിന് മറ്റൊരു സ്വദേശി പൗരനെ അൽ ബാഹ മേഖലയിലും പിടികൂടി.
അസീർ പ്രവിശ്യയിലെ അൽ റബുഅ സെക്ടറിൽ ഔഷധ വിതരണ നിയന്ത്രണ സംവിധാനം നടത്തിയ നിരീക്ഷണത്തിൽ 76,000 ലഹരി ഗുളികകൾ പിടികൂടി. ജിസാൻ മേഖലയിലെ അൽ അർദ സെക്ടറിൽ 380 കിലോഗ്രാം ലഹരി ചെടിയായ ഗാത് കടത്തുന്നത് അതിർത്തി സുരക്ഷാസേന തടഞ്ഞു.
പിടിയിലായ പ്രതികളെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയശേഷം പിടിച്ചെടുത്ത തൊണ്ടിവസ്തുക്കൾ സഹിതം അനന്തര നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മയക്കുമരുന്ന്, ലഹരി വസ്തു കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ മേഖലകളിൽ 911 എന്ന നമ്പറിലും ബാക്കി പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.