യാംബു: സൗദിയിൽ ‘മയക്കുമരുന്നിനെതിരെ യുദ്ധം’ എന്ന കാമ്പയിനുമായി ബന്ധപ്പെട്ട് റെയ്ഡുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും വൻതോതിൽ മയക്കുമരുന്ന് പിടികൂടുകയും ചെയ്തതായി നാർകോട്ടിക് പ്രോസിക്യൂഷൻ വിഭാഗം വാർത്തക്കുറിപ്പിൽ പറഞ്ഞു.
ശനിയാഴ്ച അസീർ പ്രവിശ്യയിൽ 35 കിലോ ഹഷീഷ് കടത്തിയതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു.
‘മെത്താംഫെറ്റാമൈൻ’ എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്ന് കടത്തിയതിന് രണ്ടു പാകിസ്താനികളെ ജിദ്ദയിൽ അറസ്റ്റ് ചെയ്തു. ജീസാൻ മേഖലയിലെ അൽ അർദയിൽ 40 കിലോ ‘ഖാത്ത്’ കടത്താനുള്ള ശ്രമം അതിർത്തിരക്ഷാസേന പട്രോളിങ് സംഘം പരാജയപ്പെടുത്തി. മയക്കുമരുന്ന് ഓപറേഷനിൽ ആശയവിനിമയ ഉപകരണങ്ങൾ, തോക്കുകൾ, മറ്റ് ആയുധങ്ങൾ എന്നിവയുൾപ്പെടെ സംശയാസ്പദമായ വിവിധ വസ്തുക്കൾ പ്രതികളിൽനിന്ന് അധികൃതർ പിടിച്ചെടുത്തു.
ജീസാനിൽ സൗദി അതിർത്തിസുരക്ഷാസേന വിജയകരമായി ലാൻഡ് പട്രോളിങ് നടത്തുകയും അതിർത്തിസുരക്ഷാചട്ടങ്ങൾ ലംഘിച്ച ഒരു യമനിയെ പിടികൂടുകയും ചെയ്തു.
ഇതേ മേഖലയിൽ നിന്ന് 42 കിലോ ഹഷീഷ് കടത്തിയതിന് മൂന്ന് ഇത്യോപ്യക്കാരെയും പിടികൂടി. റിയാദിൽ 6.2 കിലോ ‘മെത്താംഫെറ്റാമൈൻ’ കടത്തുന്നതിനിടെ പാകിസ്താനിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു. ഖസീം പ്രവിശ്യയിൽ ഹഷീഷ് ടാബ്ലെറ്റുകൾ കടത്തിയ സ്വദേശി പൗരനെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിക്കപ്പെട്ട പ്രതികൾക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസുകൾ പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്ന പൊതുജനങ്ങൾക്ക് 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലോ രാജ്യത്തിനകത്തുനിന്ന് 1910 എന്ന നമ്പറിലോ വിദേശത്തുനിന്ന് +966114208417 എന്ന നമ്പറിലോ വിളിച്ചോ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.