ജുബൈൽ: തൊഴിൽ, താമസ, അതിർത്തി സുരക്ഷാചട്ടങ്ങളുടെ ലംഘനത്തിന് ഒരാഴ്ചക്കിടെ 10,401 വിദേശികൾ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ ഏഴ് മുതൽ 11 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.
ഇതിൽ 6,786 പേർ താമസ നിയമ ലംഘകരാണ്. 2,444 പേർ അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 1,171 ആളുകൾ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 48 പേരും പിടിയിലായിട്ടുണ്ട്.
ഇതിൽ 31 ശതമാനം യമനികളും 57 ശതമാനം ഇത്യോപ്യക്കാരും 12 ശതമാനം മറ്റ് രാജ്യക്കാരുമാണ്. ഇത്തരത്തിലുള്ള നിയമലംഘകർക്ക് അഭയം നൽകിയ എട്ടു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ 64,093 നിയമലംഘകർ നിലവിൽ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 60,483 പുരുഷന്മാരും 3,610 സ്ത്രീകളുമാണ്.
51,721 നിയമലംഘകരുടെ വിവരങ്ങൾ യാത്രാരേഖകൾ ലഭിക്കുന്നതിനും വിമാന ടിക്കറ്റ് നടപടികൾക്കുമായി അതത് നയതന്ത്ര ഓഫിസുകൾക്ക് കൈമാറിയിട്ടുണ്ട്. 10,561 നിയമലംഘകരെ നാടുകടത്തി. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമലംഘകരെ സഹായിക്കാൻ ഉപയോഗിച്ച വാഹനങ്ങൾ, അഭയം നൽകിയ താമസസ്ഥലം എന്നിവ കണ്ടുകെട്ടും.
സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.