റിയാദ്: ആദ്യ ഇ-സ്പോർട്സ് ഗെയിംസ് ഒളിമ്പ്യാഡ് അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. സൗദി നാഷനൽ ഒളിമ്പിക് കമ്മിറ്റിയുടെ പങ്കാളിത്തത്തോടെയാണ് ഇ-സ്പോർട്സ് രംഗത്തെ ഏറ്റവും വലിയ ഈ ആഗോള മേള നടക്കുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇരു കമ്മിറ്റികളും അടുത്ത 12 വർഷം ഒരുമിച്ച് പ്രവർത്തിക്കും. ഇ-സ്പോർട്സ് ഒളിമ്പിക് ഗെയിമിങ് പതിവായി നടക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഒളിമ്പിക്സ് ഇ-സ്പോർട്സ് ഗെയിംസുമായി ബന്ധപ്പെട്ട് സൗദി നാഷനൽ ഒളിമ്പിക് കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാച്ച് പറഞ്ഞു. സൗദിക്ക് ഇ-സ്പോർട്സ് മേഖലയിൽ കാര്യമായ അനുഭവ പരിചയമുള്ളത് വലിയ നേട്ടമാണെന്നും തോമസ് ബാച്ച് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിക്കാനും അന്താരാഷ്ട്ര കായികരംഗത്ത് ഒരു പുതിയ യുഗത്തെ സ്വാഗതം ചെയ്യാനും സൗദി അറേബ്യ വളരെ ആവേശത്തിലാണെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്നത് ഏതൊരു കായികതാരത്തിനും ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒളിമ്പിക് ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതുന്നതിനെ പിന്തുണക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കായികതാരങ്ങൾക്ക് പുതിയ സ്വപ്നങ്ങളും പുതിയ അഭിലാഷങ്ങളും പ്രചോദിപ്പിക്കാനുള്ള കഴിവുണ്ടാകുന്ന എക്കാലത്തെയും ആദ്യത്തെയും ഇ-സ്പോർട്സ് ഒളിമ്പിക് ഗെയിംസാണിത്.
ഒളിമ്പിക് മൂല്യങ്ങളെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക ഇവൻറിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 2025ൽ ഞങ്ങളോടൊപ്പം ചേരാനും ആ നിമിഷം ഒരുമിച്ച് ആഘോഷിക്കാനും ലോകത്തിന് ഒരു തുറന്ന ക്ഷണം ഉണ്ടായിരിക്കുമെന്നും കായിക മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.