ജിദ്ദ: മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് സഹായമെത്തിക്കാൻ എയർ ബ്രിഡ്ജ് പ്രവർത്തിപ്പിക്കാൻ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കിങ് സൽമാൻ റിലീഫ് സെൻററിനോട് നിർദേശിച്ചു.
ദുരിതബാധിതരായ മൊറോക്കൻ ജനതക്കൊപ്പം നിൽക്കാനും വിനാശകരമായ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും അതിതാൽപര്യമാണ് സഹോദര രാജ്യമായ മൊറോക്കയിലെ ജനതക്കുള്ള സഹായമെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
ഭൂകമ്പം ജീവനും സ്വത്തിനും വലിയ നാശനഷ്ടമാണുണ്ടാക്കിയത്. കിങ് സൽമാൻ റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മാനുഷിക പ്രവർത്തനങ്ങളിലും പങ്കാളികളാകാനും കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും സിവിൽ ഡിഫൻസിൽനിന്നുള്ള സൗദി സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെയും സൗദി റെഡ് ക്രസൻറ് അതോറിറ്റിയുടെ ടീമുകളെയും അയക്കും.
പ്രതിസന്ധികളും ദുരിതങ്ങളും ഉണ്ടാകുമ്പോൾ ലോകമെമ്പാടുമുള്ള ദുരിതബാധിതരും ദരിദ്രരുമായ ആളുകൾക്കൊപ്പം നിൽക്കുന്നതിലുള്ള സൗദിയുടെ മാനുഷിക പങ്കിന്റെ വിപുലീകരണമാണിതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.