ജിദ്ദ: ഈ വർഷം എണ്ണയിതര മേഖലയിൽ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ. വാഷിങ്ടണിൽ ലോകബാങ്ക് ഗ്രൂപ്പിന്റെ വികസനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിഷൻ 2030'ന് അനുസൃതമായി ഘടനാപരമായ പരിഷ്കാരത്തോടെ എണ്ണയിതര മേഖലയിൽ സാമ്പത്തിക വളർച്ച നേടാനാകുമെന്ന് കരുതുന്നു. സാമ്പത്തിക സ്ഥിരത നിലനിർത്താനുള്ള നയങ്ങളോടൊപ്പം ബാഹ്യ ആഘാതങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വർധിപ്പിക്കും -അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തിലുണ്ടായ ആഗോള സാമ്പത്തിക വെല്ലുവിളി നേരിടുന്നതിന് അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും തമ്മിലുള്ള സംയുക്ത പ്രവർത്തനം മികച്ചതാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് വൈറസിന്റെ തുടർച്ചയായ വ്യാപനം കൂടുതൽ പകർച്ചവ്യാധി വകഭേദങ്ങളിലേക്ക് നയിക്കുമെന്നും ഇത് ആഗോള സാമ്പത്തിക വീണ്ടെടുക്കലിന്റെ വേഗതയെ ബാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോവിഡ് ഉണ്ടാക്കിയ ആഗോള സാമ്പത്തികമാന്ദ്യം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ സാരമായി ബാധിച്ചു. അത് പരിഹരിക്കാനായി ലോകബാങ്ക് ഗ്രൂപ്പും അന്താരാഷ്ട്ര നാണയനിധിയും കൂടുതൽ പരിശ്രമിക്കണം. എല്ലായിടത്തും പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിൻ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.