ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമത്തിൽ പങ്കെടുത്തവർ

പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടും -ജിദ്ദ കേരള പൗരാവലി

ജിദ്ദ: ആനുകാലിക പ്രസക്തമായ പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധിസഭ സംഗമം. മുഴുവൻ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് സംഗമം ജിദ്ദയിൽ നടന്നത്.

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ സ്വാതന്ത്ര്യവും സുരക്ഷയും കാര്യശേഷിയും നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും വേണ്ടി സ്കൂളുകളിലും അനുബന്ധ പ്രദേശങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചും കഴിവുറ്റ സുരക്ഷ ജീവനക്കാരെ നിയോഗിച്ചും സുരക്ഷ ഉറപ്പ് വരുത്തി ആശങ്കകൾ പരിഹരിക്കണമെന്ന് നൂറുന്നിസ ബാവ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

അവധിക്കാലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനും അമിതമായ വിമാനയാത്ര നിരക്കിൽനിന്ന് പ്രവാസികൾക്കും കുടുംബങ്ങൾക്കും മോചനം ലഭിക്കുന്നതിനും ജിദ്ദയിൽനിന്ന് കേരളത്തിലേക്ക് യാത്രാ കപ്പൽ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങൾ പൂർത്തിയാക്കി അനുയോജ്യമെങ്കിൽ വേണ്ട ഇടപെടലുകൾ നടത്തി പദ്ധതി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നസീർ വാവക്കുഞ്ഞും അവതരിപ്പിച്ചു.

രണ്ട് പ്രമേയങ്ങളിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലിനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ച് ചർച്ച നടത്താൻ തീരുമാനിച്ചു. ആവശ്യമെങ്കിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവരാനും ധാരണയായി. ഇതിനായി സലാഹ് കാരാടൻ, മുഹമ്മദ് ബൈജു, അബൂബക്കർ ദാദാബായി, നസീർ വാവക്കുഞ്ഞ്, അഡ്വ. ബഷീർ, മിർസാ ഷരീഫ് എന്നിവരെ യോഗം ചുമതലപ്പെടുത്തി. അന്തരിച്ച കാനം രാജേന്ദ്രൻ, കെ.പി വിശ്വനാഥൻ എന്നിവർക്ക് യോഗം ആദരാഞ്ജലി നേർന്നു. ബഷീർ പരുത്തിക്കുന്നൻ അനുശോചന സന്ദേശം നൽകി.

സംഘടനയുടെ പുതുക്കിയ നിയമാവലി റാഫി ബീമാപ്പള്ളിയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷരീഫ് അറക്കലും അവതരിപ്പിച്ചു. പബ്ലിക് റിലേഷൻ ആൻഡ് മീഡിയ അവലോകനത്തിന് ഷമീർ നദ് വി, അബ്ദുൽ ഖാദർ ആലുവ എന്നിവരും പൊതു വാട്സ്ആപ് ഗ്രൂപ്പ് അവലോകനത്തിന് അസീസ് പട്ടാമ്പിയും നേതൃത്വം നൽകി. ഇവന്റ് മാനേജ്മെന്റ്, വെൽഫെയർ വകുപ്പുകളുടെ ചർച്ചകൾ അബൂട്ടി നിലമ്പൂർ, ഹസ്സൻ കൊണ്ടോട്ടി, നൗഫൽ വണ്ടൂർ, സുബൈർ ആലുവ എന്നിവർ നയിച്ചു. അഡ്വ. ശംസുദ്ദീൻ, ബിജുരാജ് രാമന്തളി, രാധാകൃഷ്ണൻ കാവുമ്പായി എന്നിവരെ വിവിധ വകുപ്പുകളിലേക്ക് പുതുതായി തെരഞ്ഞെടുത്തു. ജിദ്ദയിൽ വരാനിരിക്കുന്ന അഞ്ച് മെഗാ ഇവന്റുകളെക്കുറിച്ച് ജുനൈസ് ബാബു, സോഫിയ സുനിൽ, ജലീൽ കണ്ണമംഗലം, ഹിഫ്സുറഹ്മാൻ, മിർസാ ശരീഫ് എന്നിവർ വിശദീകരിച്ചു.

വരാനിരിക്കുന്ന ‘സ്പോണ്ടീനിയസ് 2024’ വ്യക്തിത്വ പരിശീലന പരിപാടിയുടെ കോഓഡിനേറ്റർമാരായി വിലാസ് കുറുപ്പ്, കൊയിസ്സൻ വീരാൻകുട്ടി എന്നിവരെ യോഗം തെരഞ്ഞെടുത്തു. ജിദ്ദ കേരള പൗരവലിയുടെ ഫേസ്ബുക് പേജിന്റെ പ്രകാശനം ഗായകൻ മിർസാ ശരീഫ് നിർവഹിച്ചു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി രണ്ടാം പ്രതിനിധി സഭ സംഗമം നിയന്ത്രിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ശരീഫ് അറക്കൽ നന്ദിയും പറഞ്ഞു. അബ്ദുൽ നാസർ കോഴിത്തൊടി, അഹമ്മദ് ഷാനി, നൗഷാദ് ചാത്തല്ലൂർ, സുബൈർ വയനാട് തുടങ്ങിയവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - Effectively intervene in non-resident issues -Jeddah Kerala Pouravali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.