വ്രതവിരാമത്തി‍െൻറ ആഘോഷ പെരുന്നാൾ

യാംബു: റമദാ‍െൻറ പരിസമാപ്‌തിയിൽ ഈദുൽ ഫിത്ർ ആഘോഷിക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി. രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധിയിൽ പൊലിമ നഷ്ടപ്പെട്ട പെരുന്നാളാണ് ഇത്തവണ ഉണർവോടെ തിരിച്ചെത്തിയത്. കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണമില്ലാതെ ആഘോഷിക്കാൻ ഇത്തവണ കൂടുതൽ അനുകൂല സാഹചര്യമായ സന്തോഷത്തിലാണ് എല്ലാവരും.

ഈദ് എന്ന പദത്തി‍െൻറ അർഥം മടങ്ങിവരുന്നത്, വീണ്ടും വരുന്നത് എന്നൊക്കെയാണ്. ഫിത്ർ എന്നാൽ വിരാമം എന്നുമാണ് അർഥം. വ്രതവിരാമം എന്നാണ് ഉദ്ദേശ്യം. പെരുന്നാൾ ആഹ്ലാദം തിരിച്ചെത്തിയതി‍െൻറ സന്തോഷത്തിലാണ് വിശ്വാസികൾ. ആഘോഷിക്കാനും സന്തോഷം പങ്കിടാനും വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള ദിനമാണ് പെരുന്നാൾ. നിത്യജീവിതത്തി‍െൻറ കെട്ടുപാടുകളിൽനിന്ന് മുക്തി നേടി, വേവലാതികളില്ലാത്ത ഈ ദിവസത്തിൽ വ്രതമനുഷ്ഠിക്കുന്നത് വിലക്കുകയും ഉല്ലാസം അനുവദിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യ‍െൻറ സഹജവാസനകളെ തൃപ്തിപ്പെടുത്താനുള്ള ക്രിയാത്‌മക നിർദേശമാണ് ഈദ് ആഘോഷങ്ങൾ നിശ്ചയിച്ചതിലൂടെ നിറവേറ്റപ്പെടുന്നത്. റമദാൻ വിടപറയുന്നതോടെ ആത്മവിശുദ്ധിയുടെയും ആത്മീയോത്കർഷത്തി‍െൻറയും രാപ്പകലുകളാണ് കടന്നുപോകുന്നത്. അനുഗ്രഹങ്ങളുടെ വസന്തത്തിനായി ഇനി 11 മാസം കാത്തിരിക്കണം.

റമദാൻ നോമ്പിലൂടെ നന്മയുടെ മാർഗത്തിൽ മുന്നേറാൻ ആർജിച്ച കരുത്ത് തുടർന്നുള്ള ജീവിതത്തിൽ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. പകലിൽ വ്രതം, രാത്രിയിൽ ദീർഘനമസ്‌കാരം, ഇടവേളകളിൽ ഖുർആൻ പാരായണം, ദാനധർമങ്ങളിൽ ജാഗ്രത, നാവി‍െൻറ നിയന്ത്രണം, അഗതികളോട് അനുകമ്പ നിറഞ്ഞ പെരുമാറ്റം, പള്ളികളിൽ ജനനിബിഡം തുടങ്ങി എവിടെയും ഭക്തിയുടെ പ്രതിഫലനം പ്രകടമായിരുന്നു റമദാനിൽ.

സാമൂഹികാഘോഷമാണ് പെരുന്നാൾ. ആഗോള തലത്തിൽ മുസ്‌ലിംകൾ ഒന്നടങ്കം ഈ ആഘോഷത്തിൽ പങ്കുചേരുന്നു. ഈദുഗാഹുകളിലും പള്ളികളിലുമെത്തി വിശ്വാസികൾ നമസ്കരിച്ചും പാപമോചനം തേടിയും ആശംസ കൈമാറിയും സന്തോഷം പങ്കുവെച്ചും ഈ ദിനം ഉപയോഗപ്പെടുത്തും. ഇസ്‌ലാം അനുശാസിക്കുന്ന ഐക്യവും സഹോദര്യവുമാണ് പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ പ്രഖ്യാപിക്കുന്നത്. ആഘോഷവേള ചൈതന്യവത്താക്കാൻ വിവിധ ഒരുക്കങ്ങളാണ് സൗദിയിലും മറ്റ് അറബ് രാജ്യങ്ങളിലും നടക്കുന്നത്. സഭ്യതയുടെ പരിധി ലംഘിക്കാത്ത വൈവിധ്യമാർന്ന വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സർഗാവിഷ്കാരങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബഹുമുഖ പദ്ധതികളാണ് വിവിധ മേഖലകളിൽ തയാറായി വരുന്നത്.

പെരുന്നാളിനെ സ്വാഗതം ചെയ്തും ആശംസ അറിയിച്ചുമുള്ള ബോർഡുകളും വൈദ്യുതി ദീപാലങ്കാരങ്ങളും സൗദിയുടെ വിവിധ നഗരങ്ങളിലും പാർക്കുകളിലും വഴിയോരങ്ങളിലും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

Tags:    
News Summary - Eid al-Fitr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.