ജിദ്ദ: സമൂഹത്തിൽ സ്നേഹവും സന്തോഷവും സഹാനുഭൂതിയും പ്രചരിപ്പിക്കാനുള്ള സുദിനമാണ് ഈദുൽഫിത്വറെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ഈദുൽഫിത്വറിനോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും ലോകമുസ്ലിംകളെയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. ആക്ടിങ് ഇൻഫർമേഷൻ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയാണ് സൽമാൻ രാജാവിന്റെ പ്രസംഗം വായിച്ചത്. ബാഹ്യവും അന്തരികവുമായ ധാരാളം അനുഗ്രഹം ദൈവം നമുക്ക് നൽകിയിരുന്നു. ആ അനുഗ്രഹങ്ങളിലൊന്നാണ് ഈദുൽഫിത്വറും. ലോകമെമ്പാടുമുള്ള ജനങ്ങൾ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. കോവിഡിനെ തുടർന്ന് ആരോഗ്യം, സാമൂഹികം, സാമ്പത്തികം എന്നീ മേഖലകളിൽ ലോകമെമ്പാടും സംഭവിച്ച വേദനയെ മറികടക്കാനുള്ള അവസരമാകട്ടെ ഈദുൽഫിത്വർ. ലോകത്തുള്ളവർക്ക് നന്മ, അറബ്ലോകത്ത് സ്ഥിരത കൈവരിക്കാനുള്ള നല്ല നടപടികളെക്കുറിച്ച ശുഭാപ്തി വിശ്വാസം, അങ്ങനെ ലോകത്തെ എല്ലാ ഭാഗങ്ങളിലും സുരക്ഷയും സമൃദ്ധിയും നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
അബ്ദുൽ അസീസ് രാജാവിെൻറ കാലംതൊട്ട് സൗദി അറേബ്യ സഹിഷ്ണുതയുടെ മതമായ ഇസ്ലാമിക ശരീഅത്തിനനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യമാണ്. തീവ്രവാദത്തെ നിരാകരിക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്നു. ലോക സുരക്ഷക്കും സമാധാനത്തിനും സഹായിക്കുന്ന എല്ലാ കാര്യങ്ങളിലും അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇരുഹറമുകളെയും അവിടെയെത്തുന്നവരെയും സേവിക്കാനും ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതിൽ നാം അഭിമാനം കൊള്ളുന്നു. തീർഥാടകരുടെ സുരക്ഷ, സുഖം, സമാധാനം എന്നിവക്ക് വലിയ പ്രധാന്യവും ശ്രദ്ധയുമാണ് നാം കാണിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ വെളിച്ചത്തിൽ തീർഥാടകരെ സംരക്ഷിക്കുന്നതിനും ഉയർന്ന സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാർ സ്വീകരിച്ച നടപടികൾ. ഹജ്ജ്, ഉംറ സുരക്ഷ ടീമിലെ സ്ത്രീകളുടെ സംഭാവനയിൽ അഭിമാനിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
ലോകത്തെ ബാധിച്ച മഹാമാരിയെ നേരിടാൻ സാമൂഹിക അകലം പാലിക്കുക, പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നിങ്ങനെയുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കാൻ ആരോഗ്യ മന്ത്രാലയം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ള സമൂഹത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ് ഇതെല്ലാം. കോവിഡിനെ നേരിടാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്നുള്ള പ്രവർത്തനം നാം തുടരുകയാണ്. കോവിഡിനെ നേരിടാൻ നടത്തിയ പ്രവർത്തനങ്ങൾ സൗദി അറേബ്യയുടെ മാനുഷികമായ പങ്ക് സ്ഥിരീകരിക്കുന്നതാണെന്നും സൽമാൻ രാജാവ് പറഞ്ഞു. പെരുന്നാൾ ദിനത്തിൽ കുടുംബത്തിൽ നിന്നെല്ലാം അകന്ന് സൈനിക, സിവിൽ, ആരോഗ്യ മേഖലയിൽ ജോലിയിലേർപ്പെട്ടവർക്ക് എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും രാജാവ് പറഞ്ഞു. രോഗം ബാധിച്ചർക്ക് വേഗം ശമനമുണ്ടാകട്ടെയെന്നും മരിച്ചുപോയവരെ ദൈവം അനുഗ്രഹിക്കട്ടെയെന്നും സൽമാൻ രാജാവ് പ്രാർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.