റിയാദ്: ആവേശകരവും വെല്ലുവിളികളേറിയതുമായ ഒരു യാത്രയായിരുന്നു അത്. റിയാദ് മെട്രോയുടെ നിർമാണഘട്ടത്തിലെ എട്ട് വർഷത്തെ അനുഭവം, ഓരോ ദിവസവും പുതുമയോടെയും കരുത്തോടെയും മുന്നോട്ട് പോകാനുള്ള പ്രചോദനമായിരുന്നു, ജിബിൻ സമദിന്. ലോകോത്തര നഗരമാകുക എന്ന വലിയ സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യ ചൂളംവിളിയുമായി റിയാദ് നഗരത്തിന്റെ ഞരമ്പുകളിലൂടെ മെട്രോ ട്രെയിൻ ഓടിതുടങ്ങുമ്പോൾ ഒരു എൻജിനീയറെന്ന നിലയിൽ അതിന്റെ നിർമാണത്തിൽ പ്രവർത്തിച്ച ഈ കൊച്ചി മട്ടാഞ്ചേരി സ്വദേശി എട്ട് വർഷത്തെ സമ്പന്നമായ ആ അനുഭവകാലം ഓർത്തെടുക്കുന്നു.
ഈ യാത്രയുടെ കാലയളവിൽ സാങ്കേതിക സവിശേഷതകളും സുരക്ഷാപ്രശ്നങ്ങളും നിയന്ത്രിക്കാൻ ഏറെ ശ്രമിക്കേണ്ടി വന്നു. ഹൈവേ റോഡുകളിൽ ജോലി ചെയ്യുക എളുപ്പമല്ല. ഗതാഗത നിയന്ത്രണം കൈകാര്യം ചെയ്യുക, കഠിനമായ കാലാവസ്ഥ നേരിടുക, ദിവസവും രാത്രിയും ഒരുപോലെ പ്രവർത്തിക്കുക എന്നിവയെ പ്രതിദിനം അഭിമുഖീകരിക്കേണ്ടി വന്നു. ഈ ജോലി, തുരങ്കങ്ങളിലേക്കും ഉയർന്ന പാലങ്ങളിലേക്കും താഴ്ചകളിലേക്കും വ്യാപിച്ചതായിരുന്നു.
ടീം സഹകരണത്തിന്റെ ശക്തി തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും ടീമിന്റെ സഹകരണം എല്ലായിടത്തും വലിയ പ്രചോദനമായിരുന്നു. പരസ്പര വിശ്വാസവും പിന്തുണയും ഓരോ വെല്ലുവിളിയെയും അതിജീവിക്കാൻ ആധാരമായി. ദുബൈയിൽ ജോലി ചെയ്തിരുന്ന ജിബിൻ സമദ് 2013ലാണ് പുതിയ കരാറിൽ റിയാദ് മെട്രോ പദ്ധതിയുടെ നിർമാണത്തിലേക്ക് എത്തിയത്. തുടക്കത്തിൽ ഡോക്യൂമെന്റേഷൻ പ്രവർത്തനങ്ങളും പ്രൊജക്ട് സുരക്ഷാ സാങ്കേതിക സഹായങ്ങളുമാണ് നിർവഹിച്ചിരുന്നത്. കഠിനാധ്വാനത്തിലൂടെ സീനിയർ എൻജിനീയർ പദവിയിലേക്ക് ഉയർന്നു.
മെട്രോയിലെ പ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ സുരക്ഷ, ആരോഗ്യ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാൻ വലിയ പ്രാധാന്യം നൽകി. എസ്കവേഷൻ, ക്രിറ്റിക്കൽ ലിഫ്റ്റിങ്, ഉയരത്തിൽ ജോലി ചെയ്യൽ, ഫ്ലാഷ് ബട്ട് വെൽഡിങ്, റോഡ് വർക്സ്, തുരങ്ക നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ നിർദ്ദിഷ്ട സുരക്ഷാനടപടികൾ നടപ്പാക്കി. പരിശോധനകളുടെ ഭാഗമായി കിലോമീറ്ററുകളോളം കാൽനടയായി തുരങ്കങ്ങളുടെ ഓരോ ഭാഗവും അതി സൂക്ഷ്മമായി പരിശോധിച്ചതാണ് ഓർമകളിൽ തെളിഞ്ഞുനിൽക്കുന്ന ഏറ്റവും ദുഷ്കരമായ കാലം. ഇത്തരം കഠിനപ്രവർത്തനങ്ങൾക്ക് ശേഷം, ബുധനാഴ്ച (നവംബർ 27) റിയാദ് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനത്തിൽ പങ്കെടുക്കുമ്പോൾ പിന്നിട്ട ആ കഠിനകാലം ബാക്കിവെച്ചത് ഇത്തരം നല്ല ഫലങ്ങളാണെന്ന് ഓർത്ത് ജിബിൻ അഭിമാനിക്കുന്നു.
റിയാദ് മെട്രോയുടെ നിർമാണഘട്ടത്തിൽ നിരവധി മലയാളികൾ പ്രവർത്തിച്ചിരുന്നു. അതോർക്കുമ്പോൾ പ്രത്യേക അഭിമാനം തന്നെ തോന്നുന്നുണ്ട്. ഓരോ മലയാളിക്കും ഇത് ഗൗരവമേറിയ അനുഭവമാണെന്നും ജിബിൻ കൂട്ടിച്ചേർത്തു. നിലവിൽ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നീ വിഭാഗങ്ങളുടെ മാനേജർ പദവിയാണ് ജിബിൻ സമദ് വഹിക്കുന്നത്. കരിയറിലെ വലിയൊരു ഉയർച്ചയാണ് ഇത്.
ഈ യാത്ര ജീവിതത്തിനും കരിയറിനും പുതിയ പാഠങ്ങളും ഉന്നതിയിലേക്കുള്ള വഴികളും കാഴ്ചവെച്ച ഒരു ഓർമയായി തുടരുകയാണ്. തന്റെ കരിയറിലെ വിജയത്തിന് പിന്നിൽ ഭാര്യ നസ്രിയയും മക്കളായ ജുവൈരിയ, ജുമാന, നാസ്നീൻ, ജ്യൂആൻ ആദം എന്നിവരും പിതാവായ സമദിന്റെയും മാതാവായ അസ്മ സമദിന്റെയും പ്രചോദനവും അമ്മാവനായ നിഷാദിന്റെ മാർഗനിർദേശവും ശക്തമായ പിന്തുണയായിട്ടുണ്ടെന്നും ജിബിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.