റിയാദ്: സൗദി അറേബ്യയിൽ വിദേശനിക്ഷേപം മൂന്ന് മടങ്ങ് വർധിപ്പിക്കുകയും 1200 നിക്ഷേപകർക്ക് പ്രീമിയം ഇഖാമ അനുവദിക്കുകയും ചെയ്തതായി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. റിയാദിൽ 28ാമത് അന്താരാഷ്ട്ര നിക്ഷേപ സമ്മേളനത്തിന്റെ (ഡബ്ല്യു.ഐ.സി) ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിസിനസുകാർ പ്രീമിയം ഇഖാമ നേടുന്നത് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ പ്രായോഗിക പ്രകടനമാണ്. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതിന്റെ കാര്യങ്ങൾ ശരിയായി ചെയ്യുന്നതിനാലും സൗദി ഒരു വിജയകരമായ ഘട്ടത്തിലാണ്.
സമീപ വർഷങ്ങളിൽ സാക്ഷ്യം വഹിച്ച പ്രധാന പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ രാജ്യം വ്യക്തമായ ഫലങ്ങൾ കൈവരിച്ചുവെന്ന് തന്നെ പറയാം. എല്ലാ നിക്ഷേപ സാധ്യതകളും പ്രയോജനപ്പെടുത്താനായാണ് രാജ്യം പ്രവർത്തിക്കുന്നത്. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം 70 ശതമാനം വർധിച്ച് 1.1 ലക്ഷം കോടി ഡോളറിലെത്തിയതായി മന്ത്രി വിശദീകരിച്ചു.
വിഷൻ ആരംഭിക്കുന്നതിന് മുമ്പുള്ളതിനെ അപേക്ഷിച്ച് വിദേശ നിക്ഷേപങ്ങളും മൂന്നിരട്ടിയിലധികം വർധിച്ചു. രാജ്യത്ത് രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം 2016 മുതൽ പത്തിരട്ടിയായി. സൗദിയുടെ പ്രാദേശിക പങ്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സമഗ്രവും ചരിത്രപരവുമായ ഈ പരിവർത്തനത്തിലൂടെ ‘വിഷൻ 2030’ന്റെ കുടക്കീഴിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.1200ലധികം നിക്ഷേപകർക്ക് ഇതിനകം പ്രീമിയം ഇഖാമ അനുവദിച്ചു. അവർ സ്വന്തം രാജ്യത്ത് എന്നപോലെ ഇവിടെ ജോലി ചെയ്യുന്നു.
വിദേശ പ്രതിഭകളെയും നിക്ഷേപകരെയും വീണ്ടും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നു. വരും വർഷങ്ങളിൽ ലോകത്തിലെ നിക്ഷേപമേഖലയെ പുനർനിർമിക്കുന്ന നാല് നിർണായക ഘടകങ്ങളിലേക്കും മന്ത്രി സൂചന നൽകി. 25 നിക്ഷേപ മന്ത്രിമാരും 60 ലധികം അന്താരാഷ്ട്ര നിക്ഷേപ ഏജൻസികളും സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.