റിയാദ്: സൗദി അറേബ്യൻ തലസ്ഥാന നഗരിക്ക് പുതുചരിത്രം സമ്മാനിച്ച് റിയാദ് മെട്രോ ട്രെയിനുകൾ ബുധനാഴ്ച മുതൽ ഓടിത്തുടങ്ങും. നഗരഹൃദയമായ ബത്ഹ, മെട്രോപൊളിറ്റൻ കേന്ദ്രമായ ഒലയ, തെക്ക് നഗരപ്രാന്തത്തിലെ മനോഹര താഴ്വര അൽ ഹൈർ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ നഗരവീഥികളോട് ചേർന്നുള്ള വയലറ്റ് ലൈൻ എന്നിവയിൽ കൂടിയാണ് ബുധനാഴ്ച മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങുക. അവശേഷിക്കുന്ന മൂന്ന് ലൈനുകളിൽ ഡിസംബർ അഞ്ചിന് സർവിസ് ആരംഭിക്കും.
കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റിയാദ് നഗരവാസികൾക്കും പുറംനാടുകളിൽനിന്ന് വ്യത്യസ്ത ആവശ്യങ്ങൾക്കായി തലസ്ഥാനത്തെത്തുന്നവർക്കും വലിയ ആശ്വാസവും ആശ്രയവുമായി മാറും മെട്രോ. അവശേഷിക്കുന്ന യെല്ലോ, ഓറഞ്ച്, ഗ്രീൻ ലൈനുകളിൽ കൂടി ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയിൽ സംവിധാനമുള്ള നഗരമായി റിയാദ് മാറും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ദൂരം ഡ്രൈവറില്ലാ ട്രെയിനുകളോടുന്ന മെട്രോ എന്ന സവിശേഷതയുടെ ട്രാക്കിൽ കൂടിയാണ് പുതുചരിത്രമെഴുതി റിയാദ് മെട്രോ ഓടാൻ തുടങ്ങുന്നത്.
തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനത്തിൻ കീഴിൽ റിയാദ് സിറ്റി റോയൽ കമീഷനാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നഗരത്തിലെ ജനകീയ പൊതുഗതാഗത സംവിധനമാകും റിയാദ് മെട്രോ. രണ്ട് മണിക്കൂർ യാത്രക്ക് നാല് സൗദി റിയാലും മൂന്ന് ദിവസത്തെ ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും ഏഴ് ദിവസത്തെ ടിക്കറ്റിന് 40 റിയാലും ഒരു മാസത്തെ മുഴുനീള യാത്രക്ക് 140 റിയലുമാണ് നിരക്ക്. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും. ‘റിയാദ് ബസ്’ എന്ന ആപ്, ‘ദർബ് കാർഡ്’, ബാങ്കുകളുടെ എ.ടി.എം കാർഡുകൾ എന്നിവ ഉപയോഗിച്ച് ടിക്കറ്റുകൾ സ്വന്തമാക്കാം. ഇതേ ടിക്കറ്റ് ഉപയോഗിച്ച് റിയാദ് ബസുകളിലും യാത്ര ചെയ്യാം.
റിയാദിലെ മദീന മുനവ്വറ റോഡിനും സഊദ് ബിൻ അബ്ദുറഹ്മാൻ അൽ അവ്വൽ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്നുള്ള യെല്ലോ ലൈൻ, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയിലൂടെ ബാക്കി ട്രെയിനുകൾ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ് മെട്രോ റെയിൽ പദ്ധതി പൂർണമാവും.
ഈ ലൈനുകൾ തുറക്കുന്നതോടെ റിയാദ് കിങ് ഖാലിദ് എയർപോർട്ടിലേക്കുള്ള യാത്രയും എളുപ്പമാകും. ആറ് ലൈനുകളും കൂടി ചേരുമ്പോൾ ആകെ ദൈർഘ്യം 176 കിലോമീറ്ററാണ്. ഇതിൽ 46.3 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാണ്. ഇതിൽ 35 കിലോമീറ്റർ തുരങ്കപാത ആദ്യം തുറക്കുന്ന ഒലയ-ബത്ഹ-അൽ ഹൈർ ബ്ലൂ ലൈനിലാണ്. 176 കിലോമീറ്റർ പാതക്കിടയിൽ ആകെ 84 മെട്രോ സ്റ്റേഷനുകളുണ്ട്.
ഏറ്റവും വലിയ സ്റ്റേഷനുകൾ മൂന്നാണ്. അതിലൊന്ന് ബത്ഹയോട് ചേർന്നുള്ള റിയാദ് നാഷനൽ മ്യുസിയം സ്റ്റേഷനാണ്. മെട്രോ സ്റ്റേഷനുകളെയും നഗരത്തിന്റെ മുക്കുംമൂലകളെയും ബന്ധിപ്പിച്ച് കൊണ്ട് ‘റിയാദ് ബസ്’ എന്ന പേരിൽ ബസ് സർവിസുമുണ്ടാകും. നിലവിൽ നഗരത്തിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഈ സർവിസുകളെ അതാ ഇടങ്ങളിലെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കും.
അബ്ദുല്ല രാജാവിന്റെ ഭരണകാലത്താണ് റിയാദ് മെട്രോയും ബസ് സർവിസും ഉൾപ്പെട്ട സമ്പൂർണ പൊതുഗതാഗത പദ്ധതിയായി കിങ് അബ്ദുൽ അസീസ് പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം പ്രഖ്യാപിക്കപ്പെട്ടത്. 2012 ഏപ്രിലിൽ സൗദി മന്ത്രി സഭ പദ്ധതിക്ക് അന്തിമാംഗീകാരം നൽകി. 2013ൽ നിർമാണം ആരംഭിച്ചു. ബഹുരാഷ്ട്ര കമ്പനികളാണ് നിർമാണ ജോലികൾ നിർവഹിച്ചത്. ഇന്ത്യൻ കമ്പനികളടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു.
പദ്ധതി പൂർത്തിയാകുമ്പോൾ ആകെ നിർമാണ ചെലവ് 22.5 ബില്യൺ യു.എസ് ഡോളർ കടന്നു. വ്യത്യസ്ത കമ്പനികളിലായി വിവിധ മേഖലകളിൽ നൂറ് കണക്കിന് മലയാളികൾ മെട്രോ പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. സ്വദേശികളും വിദേശികളുമായ വിദ്യാർഥികൾ, ജോലിക്കാർ, സഞ്ചാരികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ മെട്രോ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.