മക്ക: സൗദി അറേബ്യയിൽ ചൊവ്വാഴ്ച ഏറ്റവും ശക്തമായ മഴ പെയ്തത് മക്കയിൽ. രാജ്യത്തെ വിവിധ മേഖലകളിൽ നേരിയതും സാമാന്യം ശക്തവുമായ മഴ കഴിഞ്ഞ ദിവസം പെയ്തിരുന്നു. മക്കയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയും കാറ്റും ഇടിമിന്നലും ചിലയിടങ്ങളിലെ ആലിപ്പഴ വർഷവുമെല്ലാം സാധാരണ ജീവിതത്തെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ട്. മക്കയിലും ത്വാഇഫിലും സർവകലാശാലകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി നൽകിയിരുന്നു.
കനത്ത മഴയെ തുടർന്ന് സിവിൽ ഡിഫൻസ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും രാത്രി ഒമ്പത് വരെ മുന്നറിയിപ്പ് ബാധകമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. വരും ദിവസങ്ങളിലും കാറ്റും മഴയും ദൂരക്കാഴ്ച കുറക്കുന്ന വിധത്തിലുള്ള മൂടൽ അന്തരീക്ഷവും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മക്ക മേഖലയിലെ ബഹ്റയിലും അൽ ജുമൂമിലും കനത്ത മഴയാണ് വരും ദിവസങ്ങളിലും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മക്ക മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മസ്ജിദുൽ ഹറം പരിസരപ്രദേശത്ത് 22 മില്ലി മീറ്റർ മഴ ലഭിച്ചു. മക്കയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള അൽ ജുമൂമിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. ഹാദി അൽ ഷാം മേഖലയിൽ 22.8 മില്ലിമീറ്ററും അൽ ശുബൈക്കയിൽ 22.6 മില്ലീമീറ്ററും മിനയിൽ 22.5 മില്ലീമീറ്ററും അൽ വുറൂദ് മേഖലയിൽ 21.6 മില്ലീമീറ്ററും അൽ ഖഹ്കിയയിൽ 21 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.
ജിദ്ദയിലെ അമീർ ഫവാസ് മേഖലയിൽ ശരാശരി മഴ 21.6 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയത്. മദീന മേഖലയിൽ വാദി അൽ ഫറയിലെ അൽ ജർനാഫയിൽ 10.4 മില്ലീമീറ്റർ മഴയും രേഖപ്പെടുത്തി. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശം, ഹാഇൽ എന്നീ മേഖലകളിൽ താപനില ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ട്. ഈ പ്രദേശങ്ങളിൽ മൂടൽ മഞ്ഞും ശക്തമായിട്ടുണ്ട്.
മിക്ക പ്രദേശങ്ങളിലും മഴയും തുടരുന്നുണ്ട്. മദീന, ജിസാൻ, അസീർ, അൽ ബാഹ, അൽ ഖസീം, റിയാദ് പ്രവിശ്യയുടെ ചില ഭാഗങ്ങൾ, രാജ്യത്തെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ പൊടിക്കാറ്റും മഴയും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.